കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. സർവ്വകാല റെക്കോർഡിലാണ് വ്യാപാരം നടക്കുന്നത്. പവന് 200 രൂപ കൂടി 26120 രൂപയായാണ് സ്വര്‍ണ വില വര്‍ധിച്ചത്. ഗ്രാമിന് 3265 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ രേഖപ്പെടുത്തിയ 25,920 രൂപയായിരുന്നു ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1443 ഡോളറാണ് ഇന്നത്തെ നിരക്ക്. 20 ഡോളറാണ് ഒറ്റദിവസം കൊണ്ട് ഉയർന്നത്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറുന്നത്. യുഎസ് - ചൈന വ്യാപാരയുദ്ധം അമേരിക്കൻ സന്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറൽ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. കഴിഞ്ഞ കേന്ദ്രബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ഉയർത്തിയതും രാജ്യത്തെ സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്.