വാങ്ങുന്ന സ്വര്‍ണ്ണം യഥാര്‍ത്ഥത്തില്‍ ശുദ്ധമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നവരില്‍ മുമ്പന്തിയിലാണ് ഇന്ത്യക്കാര്‍. ഇന്ത്യയിലെ സ്വര്‍ണ്ണത്തിന്റെ ആവശ്യകതയുടെ ഏകദേശം പകുതിയോളം വരുന്നത് സ്വര്‍ണ്ണാഭരണങ്ങളില്‍ നിന്നാണ്. എന്നാല്‍, നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണ്ണം യഥാര്‍ത്ഥത്തില്‍ ശുദ്ധമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്വര്‍ണ്ണവില ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇത് കൂടുതല്‍ പ്രസക്തമാകുന്നു.വാങ്ങുന്ന സ്വര്‍ണ്ണം ശുദ്ധമാണെന്നും വ്യാജമല്ലെന്നും എങ്ങനെ ഉറപ്പാക്കും?

സഹായം ഇപ്പോള്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ജ്വല്ലറികള്‍ ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ മാത്രം വില്‍ക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍, മൂന്ന് കാര്യങ്ങള്‍ കാണിക്കാന്‍ ജ്വല്ലറിയോട് ആവശ്യപ്പെടുക - ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ലോഗോ, കാരറ്റേജിലെയും ഫൈനസ്സിലെയും പരിശുദ്ധി, 6 അക്ക ആല്‍ഫാന്യൂമെറിക് എച്ച് യു ഐ ഡി എന്നിവയാണവ. മുമ്പ് 6 അക്ക എച്ച് യു ഐ ഡി നിര്‍ബന്ധമായിരുന്നില്ല. 2023 മാര്‍ച്ച് 31-ന് ശേഷം, 6 അക്ക ആല്‍ഫാന്യൂമെറിക് ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഇല്ലാത്ത ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണാഭരണങ്ങളോ സ്വര്‍ണ്ണ കരകൗശല വസ്തുക്കളോ വില്‍ക്കുന്നത് ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാന്‍ഡേര്‍ഡ്‌സ് നിരോധിച്ചിട്ടുണ്ട്. എച്ച് യു ഐ ഡി നമ്പര്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും.

ഇത് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. 

നിങ്ങളുടെ ഫോണില്‍ ബിഐഎസ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, ആപ്പില്‍ എച്ച് യു ഐ ഡി നമ്പര്‍ നല്‍കുക, അപ്പോള്‍ ആഭരണം ഹാള്‍മാര്‍ക്ക് ചെയ്ത ജ്വല്ലറിയുടെ വിവരങ്ങള്‍, അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, ആഭരണത്തിന്റെ പരിശുദ്ധി, ആഭരണത്തിന്റെ തരം, അതുപോലെ ആഭരണം പരിശോധിക്കുകയും ഹാള്‍മാര്‍ക്ക് ചെയ്യുകയും ചെയ്ത ഹാള്‍മാര്‍ക്കിംഗ് സെന്ററിന്റെ വിവരങ്ങള്‍ എന്നിവ കാണാന്‍ സാധിക്കും. 6 അക്ക എച്ച് യു ഐ ഡി ഉപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി എളുപ്പത്തില്‍ ഉറപ്പാക്കാന്‍ സാധിക്കുന്നു. കൂടാതെ, ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണത്തിന് ഭാവിയില്‍ സ്വര്‍ണ്ണത്തിന്റെ ശരിയായ കമ്പോള വില ലഭിക്കുകയും ചെയ്യും.

ഇനി വ്യാജ സ്വര്‍ണത്തിലൂടെ നിങ്ങള്‍ വഞ്ചിക്കപ്പെട്ടെങ്കില്‍, നഷ്ടപരിഹാരം ലഭിക്കാന്‍ സഹായിക്കുന്ന ഒരു നിയമമുണ്ട്.

ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ക്ക് അടയാളപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ പരിശുദ്ധിയാണ് കണ്ടെത്തുന്നതെങ്കില്‍, വാങ്ങുന്നയാള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. വിറ്റ ആഭരണത്തിന്റെ തൂക്കത്തിലെ പരിശുദ്ധിയുടെ കുറവിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന വ്യത്യാസത്തിന്റെ ഇരട്ടിയും പരിശോധനാ നിരക്കുകളും ആയിരിക്കും നഷ്ടപരിഹാരം.