തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ വിമാനത്താവളങ്ങള്‍ നടത്തി പരിചയമുളള സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളെ ഉദാഹരണമാക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി വിമാനത്താവളം ആരും സമ്മതിക്കുന്ന നിലയ്ക്ക് നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനമാണ്. ഇപ്പോള്‍ കണ്ണൂരും നല്ല രീതിയില്‍ നടത്തുന്ന അനുഭവം നമ്മള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

"അതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്നാണ് അറിയിച്ചിരുന്നത്. ആ നിലയിലേക്ക് കാര്യങ്ങള്‍ നിങ്ങുന്നു എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ആ നിലയിലേക്ക് കാര്യങ്ങള്‍ എത്തും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്" മുഖ്യമന്ത്രി വ്യക്തമാക്കി. 

'പിണറായിയോട് ചോദിക്കാം' എന്ന പേരില്‍ ജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന സിപിഎം പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവ് പരിപാടിയിലാണ് പിണറായി വിജയന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.