ദില്ലി: ജിഎസ്‍ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. ജിഎസ്‍ടി നിരക്ക് വര്‍ദ്ധന, ചില സാധനങ്ങൾക്ക് കൂടുതൽ സെസ് ഏർപ്പെടുത്തിയേക്കും തുടങ്ങിയ സൂചനകൾക്കിടെയാണ് കൗൺസില്‍ യോഗം ചേരുന്നത്. ശനിയാഴ്ച സാമ്പത്തിക മേഖലയിലെ ഉന്നതരുമായി പ്രധാനമന്ത്രി നേരിട്ട് ചർച്ച നടത്തുന്നുണ്ട്. 

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ നഷ്ടപരിഹാരത്തുകയായ 35298 കോടി രൂപ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചിരുന്നു. അതിനാൽ യോഗത്തിൽ ഇതു സംബന്ധിച്ച വലിയ പ്രതിഷേധങ്ങൾക്ക് സാധ്യതയില്ല. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നഷ്ടപരിഹാരം വൈകിക്കുന്നത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതുകൂടി കണക്കലെടുത്തായിരുന്നു കേന്ദ്ര തീരുമാനം.