ദില്ലി: ഇരുചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കുന്ന വിഷയം പരിഗണിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പ് നൽകിയതായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ). ഇരുചക്ര വാഹനങ്ങള്‍ക്ക് നിലവില്‍ 28 ശതമാനമാണ് ജിഎസ്ടി നിരക്ക്. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇരുചക്ര വാഹനങ്ങൾ ആഡംബര വിഭാ​ഗത്തിൽ ഉൾപ്പെടുന്നതല്ല, അതിനാൽ നിരക്ക് പരിഷ്കരണത്തിന് അർഹതയുണ്ട്. തൽഫലമായി ഇത് ജിഎസ്ടി കൗൺസിൽ ചർച്ചയ്ക്ക് എത്തുമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയതായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) പ്രസ്താവനയിൽ പറഞ്ഞു.

സെപ്റ്റംബർ 19 ന് നടക്കാനിരിക്കുന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം പരി​ഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇരുചക്ര വാഹനങ്ങളുടെ നികുതി വെട്ടിക്കുറവ് ഉത്സവ സീസണിന് മുമ്പായുളള ആവശ്യകതയെ വർദ്ധിപ്പിക്കും, കൂടാതെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും അതിന്റെ ഫലമായി ലോക്ക്ഡൗൺ നടപ്പാക്കിയതും കാരണം സ്വകാര്യ ഉപഭോഗം മന്ദഗതിയിലായത് വാഹന നിർമാണ വ്യവസായത്തെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു.