Asianet News MalayalamAsianet News Malayalam

ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണ്ണം ഉപഭോക്താക്കളുടെ അവകാശം: ഹാള്‍മാര്‍ക്കിംഗ് സെന്റേഴ്‌സ് അസ്സോസിയേഷന്‍

2021 ജനുവരി 15 മുതല്‍ പഴയ സ്വര്‍ണ്ണം വാങ്ങുന്ന വ്യാപാരികള്‍ അത് ഉരുക്കി ശുദ്ധീകരിച്ച് തങ്കമാക്കി മാറ്റി പുതിയ ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങള്‍ മാത്രം നിര്‍മ്മിക്കുകയും വിപണനം നടത്തുകയും വേണം.

hallmarking is good for customers
Author
Cochin, First Published Feb 11, 2020, 12:46 PM IST

കൊച്ചി : പുതിയ ഹാള്‍മാര്‍ക്ക് നിയമത്തെ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഓഫ് ഹാള്‍മാര്‍ക്കിംഗ് സെന്റേഴ്‌സ് (ഐ.എ.എച്ച്.സി) സ്വാഗതം ചെയ്തു. 2021 ജനുവരി 15 മുതലാണ് രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വന്നത്. ബിഐഎസ് ഹാള്‍മാര്‍ക്ക് സ്വര്‍ണ്ണം മാത്രമാണ് ഇനിമുതല്‍ രാജ്യത്ത് വില്‍ക്കാന്‍ കഴിയുക. ഇതോടെ രാജ്യത്തെ ഏത് വിപണിയില്‍ നിന്നും സംശുദ്ധ സ്വര്‍ണ്ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്കാകും. സ്വര്‍ണ്ണ ഉപഭോക്താക്കളുടെ അവകാശം പൂര്‍ണ്ണമായും സംരക്ഷിക്കുന്ന ഈ നിയമത്തെക്കുറിച്ച് കുപ്രചാരണങ്ങളും, അടിസ്ഥാന രഹിതവുമായ ഒട്ടേറെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എം എ റഷീദ് ആവശ്യപ്പെട്ടു. 

2000 ഏപ്രില്‍ 11-നാണ് ഇന്ത്യയില്‍ ആദ്യമായി ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കിയത്. ആദ്യ ഹാള്‍മാര്‍ക്കിംഗ് സെന്ററും ഹാള്‍മാര്‍ക്ക്ഡ് ജൂവലറികളും കേരളത്തിലാണ് വന്നതും. രാജ്യത്തെ 900 ഹാള്‍മാര്‍ക്കിംഗ് സെന്ററുകളില്‍ 72- എണ്ണം കേരളത്തിലാണ്. ഇത് കേരളത്തിലെ സ്വര്‍ണ്ണക്കടയുടെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ ഓരോ ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഉണ്ട്. കേരളത്തിലെ 14, 18, 22 എന്നീ കാരറ്റിലുള്ള സ്വര്‍ണ്ണമാണ് ഈ നിയമത്തിന്റെ പരിധിയില്‍ വില്‍ക്കേണ്ടത്. കേരളത്തില്‍ വില്‍ക്കുന്ന 80 ശതമാനം സ്വര്‍ണ്ണവും ബി.ഐ.എസ് സര്‍ട്ടിഫൈഡ് 916 ആണ്. എത്ര പവനായാലും 40 രൂപയാണ് ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്. ബി.ഐ.എസ് ലോഗോ, പ്യൂരിറ്റി മാര്‍ക്കായ 22കെ916, ഹാള്‍മാര്‍ക്ക് സെന്റര്‍ ലോഗോ, വില്‍ക്കുന്ന ജൂവലറിയുടെ കോഡ് എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ നാല് ഹാള്‍മാര്‍ക്ക് മുദ്രണം ചെയ്ത സ്വര്‍ണ്ണം വാങ്ങുന്നതിലൂടെ  ഓരോ ഉപഭോക്താവിനും ലഭിക്കുന്നത് സ്വര്‍ണ്ണത്തിന്‍റെ മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാരന്റിയാണെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ഐ.എ.എച്ച്.സി മുന്‍ സ്ഥാപക സെക്രട്ടറിയും രക്ഷാധികാരിയുമായ ജയിംസ് ജോസ്, കേരള  ചാപ്റ്റര്‍ സെക്രട്ടറി  സി.പി. ബഷീര്‍, ട്രഷറര്‍ അബ്ദുള്‍ അസ്സീസ് എന്നിവര്‍ പറഞ്ഞു. 

ഈ നാല് മാര്‍ക്കുകളും വാങ്ങുന്ന ആഭരണത്തില്‍ ഉണ്ടെന്ന് ആഭരണം വാങ്ങുന്ന വേളയില്‍  വാങ്ങുന്നവര്‍ ഉറപ്പാക്കേണ്ടതാണ്. പുതിയ നിയമം സ്വര്‍ണ്ണ വ്യാപാരികളെ മാത്രം ബാധിക്കുന്നവയായതുകൊണ്ട്  സാധാരണക്കാര്‍ക്ക് അവരുടെ കൈവശമുളള സ്വര്‍ണ്ണം എപ്പോള്‍ വേണമെങ്കിലും വില്‍ക്കുകയോ, മാറ്റി വാങ്ങുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണങ്ങളോ, വിലക്കുകളോ ഇല്ല. വില്‍ക്കുന്ന സ്വര്‍ണ്ണം ഹാള്‍മാര്‍ക്ക്ഡ് ആണെങ്കില്‍ അതിന്റെ വിലയും, അല്ലാത്തവയാണെങ്കില്‍ അതില്‍ അടങ്ങിയിരിക്കുന്ന തങ്കത്തിന്റെ വിലയുമായിരിക്കും ലഭിക്കുക. 2021 ജനുവരി 15 മുതല്‍ പഴയ സ്വര്‍ണ്ണം വാങ്ങുന്ന വ്യാപാരികള്‍ അത് ഉരുക്കി ശുദ്ധീകരിച്ച് തങ്കമാക്കി മാറ്റി പുതിയ ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങള്‍ മാത്രം നിര്‍മ്മിക്കുകയും വിപണനം നടത്തുകയും വേണം.
     
നാളിതുവരെ ഒരു വ്യക്തിക്കോ, കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിന് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.  11.05.1994 ലെ സര്‍ക്കുലര്‍ നമ്പര്‍ 1916 പ്രകാരം 4-അംഗ കുടുംബത്തിന് ഒരു കിലോയോളം (120 പവന്‍) സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിന് യാതൊരുവിധ ഇന്‍കം ടാക്‌സ് പരിശോധനകളോ, പിടിച്ചെടുക്കലോ പാടില്ല.  വിവാഹിതയായ സ്ത്രീ 500 ഗ്രാം (62.5 പവന്‍), അവിവാഹിതയായ സ്ത്രീ -250 ഗ്രാം (31.25 പവന്‍), പുരുഷന്‍ (ഭര്‍ത്താവ്) 100 ഗ്രാം, (12.5 പവന്‍), പുരുഷന്‍ (പുത്രന്‍) 100 ഗ്രാം (12.5 പവന്‍) മൊത്തം 950 ഗ്രാം അഥവാ 118.75 പവന്‍.  ഇതിലും കൂടിയ അളവില്‍ കൈവശം വയ്ക്കുന്നവര്‍ വരുമാന സ്രോതസ്സ്, കാര്‍ഷിക പാരമ്പര്യം എന്നിവ ബോധ്യപ്പെടുത്തിയാല്‍ ഇന്‍കം ടാക്‌സ് ബന്ധപ്പെട്ട യാതൊരു നികുതിയും നല്‍കേണ്ടതില്ല. നാളിതുവരെ ജനങ്ങളുടെ കൈവശമിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ സ്ഥിതി വിവര കണക്കുകള്‍ എടുക്കാനോ, നിയന്ത്രണം ഏര്‍പ്പെടുത്താനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അസ്സോസിയേഷന്‍  ഭാരവാഹികള്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios