ഇരുപതുകളിലെ മണി മാനേജ്മെന്റിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ നോക്കാം...

ഒരു ജോലിയൊക്കെ നേടി, സ്വന്തം കാലിൽ നിന്നു തുടങ്ങുന്ന പ്രായമാണ് ഇരുപതുകൾ. എല്ലാ അർത്ഥത്തിലും പക്വതയോടെ ലോകത്തെ നമ്മൾ കണ്ടു തുടങ്ങുന്നതും ഇക്കാലത്താണ്. ഇരുപതുകളിലാണ് നമ്മുടെ കുടുംബ ബന്ധങ്ങളും, സൗഹൃദ ബന്ധങ്ങളും എല്ലാം പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുന്നത്. പുതിയ ഒട്ടേറെ കാര്യങ്ങൾ പഠിക്കുന്നതും പ്രാവർത്തികമാക്കുന്നതും എല്ലാം ഇക്കാലത്താണ്. ഇതെല്ലാത്തിലുമുപരി മണി മാനേജ്മെന്റിന് ഈ പ്രായത്തിൽ വലിയ പ്രസക്തിയുണ്ട്. ഭാവിയിലെ നിങ്ങളുടെ സാമ്പത്തിക ശീലങ്ങളുടെ ഒരു പരിധി വരെ രൂപം കൊള്ളുന്നത് നിങ്ങൾ അധ്വാനിച്ച് തുടങ്ങിയ പണം നിങ്ങൾ എങ്ങനെ ചെലവഴിക്കുന്നു എന്നതിലാണ്. അതുകൊണ്ട് പ്ലാൻ ചെയ്ത്, വളരെ ശ്രദ്ധയോടെ വേണം ഇക്കാലം കടന്നു പോകാൻ. ഇരുപതുകളിലെ മണി മാനേജ്മെന്റിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ നോക്കാം...

നല്ല സാമ്പത്തിക ശീലങ്ങൾ വളർത്തുക

നല്ല സാമ്പത്തിക ശീലങ്ങൾ പഠിക്കേണ്ടതും അത് പ്രാക്ടീസ് ചെയ്യേണ്ടതും ഇരുപതുകളിലാണ്. ഷോപ്പ് ചെയ്യുമ്പോൾ ആവശ്യമുള്ളവ മാത്രം നോക്കി വാങ്ങുക, ക്രെഡിറ്റ് കാർഡ് ശ്രദ്ധിച്ചുപയോ​ഗിക്കുക, ഇഎംഐകൾ സമയബന്ധിതമായി അടക്കുക, അനാവശ്യ കാര്യങ്ങൾക്കും ആഡംബരങ്ങൾക്കും അധികം പണം ചെലവഴിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ആദ്യം മുതലേ ശീലിച്ചു വരിക. 

സ്വന്തം ബജറ്റ്

സ്വന്തമായി ഒരു ബജറ്റ് ഉണ്ടാക്കിയെടുക്കുക. നിങ്ങൾക്ക് ആദ്യം കിട്ടുന്ന സാലറി ചെലവഴിക്കുന്നതു മുതൽത്തന്നെ ഇതുണ്ടാകണം. അത്യാഡംബരങ്ങളോ അനാവശ്യ ചെലവുകളോ ഒഴിവാക്കാം. എന്നാൽ ചെറിയ ചെറിയ സന്തോഷങ്ങൾ കൈവിടുകയുമരുത്. സേവിങ്സ് ഒക്കെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് പ്ലാൻ ചെയ്യണം. നിക്ഷേപങ്ങളും തുടങ്ങി വയ്ക്കണം. 

ചെലവുകൾ കണക്കുകൂട്ടാം

വളരെ ചെറുപ്പത്തിൽ തുടങ്ങിയാൽ ജീവിത കാലം മുഴുവനും നിങ്ങൾക്ക് ​ഗുണമുണ്ടാക്കുന്ന ഒരു ശീലമാണ് എക്സ്പെൻസ് ട്രാക്കിങ്. നിങ്ങൾ എങ്ങനെ പണം ചെലവഴിക്കുന്നുവെന്ന് ട്രാക്ക് ചെയ്ത് സൂക്ഷിക്കുന്ന രീതിയാണിത്. നിത്യേന കണക്കുകൾ എഴുതി വയ്ക്കുന്ന പരമ്പരാ​ഗത രീതി നമ്മുടെയൊക്കെ വീടുകളിൽ ഉണ്ടായിരുന്നു. ഇന്നത്തെക്കാലത്ത് അത് ഫോണിലെ ആപ്പുകൾ വഴി സേവ് ചെയ്തിടാനുള്ള സൗകര്യമുണ്ട്. ഇതിനായുള്ള ആപ്പുകൾ തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. 

എമർജൻസി ഫണ്ട്

എന്തെങ്കിലും അത്യാവശ്യ ഘട്ടത്തിൽ ആവശ്യം വരുമ്പോൾ ഉപയോ​ഗിക്കാനുള്ള ഫണ്ടാണിത്. നിങ്ങളുടെ സേവിം​ഗ്സോ, നിക്ഷേപങ്ങളുമായോ ഇതിനെ കൂട്ടിക്കുഴയ്ക്കരുത്. ഇത് അവിചാരിത സന്ദർങ്ങളിൽ പ്രയോജനപ്പെടുത്താനുള്ളതാണ്. മാസാമാസം ശമ്പളം കിട്ടുമ്പോൾ ഒരു നിശ്ചിത തുക ഇതിനായി മാറ്റി വയ്ക്കാം. 

നിക്ഷേപങ്ങൾ 

വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിക്ഷേപങ്ങൾ തുടങ്ങി വയ്ക്കുക എന്നുള്ളത്. ഒരു നിക്ഷേപത്തിൽ മാത്രം ശ്രദ്ധ ചെലുത്താതെ വിവിധ മേഖലകളിൽ നിക്ഷേപിക്കുക. സ്റ്റോക്ക്, ഇക്വിറ്റി, മ്യൂച്വൽ ഫണ്ട്, ബോണ്ടുകൾ, എഫ്ഡി, ആർ ഡി എന്നിങ്ങനെ നീളുന്ന നിക്ഷേപ മാർ​ഗങ്ങളിൽ നിങ്ങൾക്ക് യോജിച്ചത് ഏതാണോ അത് തെരഞ്ഞെടുക്കുക. മാർക്കറ്റിലെ റിസ്കുകൾ കൃത്യമായി തിരിച്ചറിഞ്ഞ് നിക്ഷേപിക്കുക. ഇതിനായി വിദ​ഗ്ദ സഹായം തേടുന്നതിൽ തെറ്റില്ല. 

സാമ്പത്തിക ലക്ഷ്യം 

നിങ്ങളുടെ ആദ്യ ശമ്പളമൊക്കെ കിട്ടി ജീവിച്ചു തുടങ്ങുമ്പോഴേ ​ഫിനാൻഷ്യൽ ​ഗോളും സെറ്റ് ചെയ്ത് വക്കണം. ഷോർട് ടേം, മിഡ് ടേം, ലോങ് ടേം എന്നൊക്കെയായി ഇതിനെ തരം തിരിക്കാം. നിങ്ങളുടെ നിക്ഷേപങ്ങളും സേവിങ്സും നോക്കിയാണ് സാമ്പത്തിക ലക്ഷ്യങ്ങൾ പ്ലാൻ ചെയ്യേണ്ടത്. ഇതിനൊപ്പം ഏത് പ്രായത്തിൽ സ്വന്തമായി വാഹനം വാങ്ങണം, എത്ര വയസിൽ വീട് വയ്ക്കണം, രക്ഷിതാക്കളുടെ പരിപാലനം, വിവാഹം തുടങ്ങിയവയെല്ലാം എങ്ങനെ മാനേജ് ചെയ്യുമെന്ന് ഒരു ഐഡിയ ഉണ്ടാക്കണം. 

കരിയർ 

നിങ്ങളുടെ ജോലി അല്ലെങ്കിൽ വരുമാന മാർ​ഗം മെച്ചപ്പെടുത്തുന്നതിൽ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭാവിയെ വാർത്തെടുക്കുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നത് നിങ്ങളുടെ ജോലി തന്നെയാണ്. തൊഴിലിടത്തിൽ പരമാവധി പെർഫോം ചെയ്യുക. പുതിയ കാര്യങ്ങൾ പഠിക്കുക. പ്രൊഫഷണലിസം വളർത്തിയെടുക്കുക. നിങ്ങൾ ജോലി ചെയ്യാൻ പോകുന്ന സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ സാമ്പത്തിക ഉന്നമനം മാത്രം ലക്ഷ്യം വയ്ക്കാതെ ഭാവിയിൽ നിങ്ങൾക്ക് വളരാൻ പറ്റുന്ന അന്തരീക്ഷമാണോ എന്നതു കൂടി പരി​ഗണിക്കണം. 

ഇൻഷുറൻസുകൾ

മിക്ക കമ്പനികളിലും ഇപ്പോൾ സാലറി കൂടാതെ അഡീഷണൽ ബെനഫിറ്റ് ആയി മെഡിക്കൽ ഇൻഷുറൻസ് വരുന്നുണ്ട്. എന്നാൽ പല തരം ഇൻഷുറൻസുകളിൽ ഒന്നു മാത്രമാണത്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഏത് തരം ഇൻഷുറൻസാണോ യോജിക്കുന്നത് അത് സ്വന്തമായിത്തന്നെ ഒരെണ്ണം വേറെ എടുക്കുന്നതാണ് നല്ലത്. ചെലവേറി വരുന്ന കാലത്ത്, പെട്ടെന്ന് വലിയൊരു തുക ചെലവ് വരുമ്പോൾ ഇൻഷുറൻസുകൾ നമ്മളെ സഹായിക്കും.

മണി മാനേജ്മെന്റ് ഒരു സ്കിൽ ആണ്. അത് സാഹചര്യങ്ങളെ അതിജീവിച്ച് ആർജിച്ചെടുക്കേണ്ട ഒന്നാണ്. സാമ്പത്തിക അച്ചടക്കം ഉണ്ടായാൽ മാത്രമേ ഇത് കൃത്യമായി മുന്നോട്ട് കൊണ്ടു പോകാനാകൂ. 

ലോണും, ക്രെഡിറ്റ് കാർഡും ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നതെങ്ങനെ ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...