ധനം കൈകാര്യം ചെയ്യാൻ ഭയക്കേണ്ട, ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടുംബ ബഡ്ജറ്റ് എളുപ്പത്തിൽ കൈകാര്യം ചെയ്യാം
വീടുകളിൽ പണം കൈകാര്യം ചെയ്യുന്നത് മിക്കപ്പോഴും പുരുഷന്മാരാണ്. അതിനാൽ തന്നെ പണത്തിന്റെ കൈകാര്യം, സാമ്പത്തിക കാര്യങ്ങളിലെ പ്ലാനിങ്, നിക്ഷേപം തുടങ്ങിയ കാര്യങ്ങളിലെല്ലാം തീരുമാനങ്ങളും അവരുടേതാകുന്നതാണ് പൊതുവേയുള്ള കാഴ്ച. എന്നാൽ സ്ത്രീകൾ ഇക്കാര്യത്തിൽ മുൻപന്തിയിലേക്ക് വന്നാലോ. ഈയടുത്ത് പുറത്ത് വന്ന പഠനത്തിൽ 51 ശതമാനം സ്ത്രീകളും സ്വന്തം സാമ്പത്തിക കാര്യത്തിൽ തീരെ അജ്ഞാതരാണെന്ന് പറയുന്നു. എന്നുവെച്ചാൽ തന്റെ പേരിൽ എത്ര രൂപയുടെ നിക്ഷേപമുണ്ടെന്ന് പോലും അവർക്ക് അറിയില്ല. സ്ത്രീകൾക്ക് തങ്ങളുടേതായ ചിലവുകളുള്ളത് കൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. എന്നാൽ മിക്കപ്പോഴും പണത്തെ കുറിച്ചുള്ള പേടി ഇവരെ പിന്നോട്ട് വലിക്കാറുണ്ട്. അതെങ്ങനെ പരിഹരിക്കാം എന്നറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.
1. സ്വന്തം വരവ് ചെലവ് അറിയാം
സ്വന്തം വരവ് ചെലവുകളെ കുറിച്ച് വ്യക്തമായി ധാരണയുണ്ടായിരിക്കുക പ്രധാനമാണ്. ഇതിലൂടെ സാമ്പത്തികമായ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര നിങ്ങൾക്ക് ആരംഭിക്കാനാവും. ഒരു പുസ്തകമോ, ഓൺലൈനിലെ സ്പ്രഡ്ഷീറ്റോ ഉപയോഗിച്ച് കണക്കുകൾ കൃത്യമായി എഴുതിവെക്കുന്നത് നന്നായിരിക്കും. ഒന്ന് പോലും വിട്ടുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Read Also :Home Loan : ഗ്രാമീണ ബാങ്കുകളിലെ ഭവനവായ്പ പരിധി ഉയർത്തി
2. ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ
പണം കൈകാര്യം ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഭാവിയിലേക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുകയാണ്. ലക്ഷ്യമില്ലാതെ ചെയ്യുന്നതിനൊന്നും അർത്ഥമുണ്ടാവുകയില്ലെന്ന് പ്രത്യേകം ഓർക്കുക. സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിഞ്ഞ് ഇതിനായി പണം നീക്കിവെക്കാൻ ശീലിക്കുകയാണ് പ്രധാനം.
3. അത്യാവശ്യ കാര്യങ്ങൾക്കായി നീക്കിവെക്കാം
എപ്പോഴും വരവ് ചെലവുകൾ കണക്കാക്കുമ്പോൾ പെട്ടെന്നുണ്ടാകുന്ന ചെലവിന് പണം നീക്കിവെക്കാൻ ശ്രമിക്കണം. പൊടുന്നനെ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോഴോ, ആശുപത്രിയിൽ പോകേണ്ടി വരുമ്പോഴോ ബജറ്റ് താളം തെറ്റാതിരിക്കാനാണിത്.
4. ആരോഗ്യ പരിരക്ഷ
സ്വന്തം ജീവിതം ഏറ്റവും സുന്ദരമാകുന്നത് ആയുരാരോഗ്യം ഏറ്റവും നന്നായിരിക്കുമ്പോഴാണ്. രോഗങ്ങൾ ജീവിതം വലിയ പ്രതിസന്ധി നിറഞ്ഞതാക്കും. അതിനാൽ തന്നെ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നത് എപ്പോഴും പണം മൂലമുള്ള പ്രതിസന്ധി നീക്കും.
Read Also :Repo Rate : വായ്പകള്‍ക്ക് ചൂടേറും, നിരക്കുയര്‍ത്തി ആർബിഐ; റിപ്പോ 4.9 ശതമാനം
5. വിരമിച്ചാൽ എന്ത് ചെയ്യും
പ്രായം കൂടും തോറും ഇന്നത്തെ പോലെ ജോലി ചെയ്യുക അസാധ്യമാകുമെന്ന് പറയാതെ തന്നെ അറിയാമല്ലോ. സ്വകാര്യ മേഖലയിലാണ് ജോലിയെങ്കിൽ പണത്തിന്റെ ഒരു ഭാഗം വിരമിച്ച ശേഷമുള്ള ജീവിതം സാമ്പത്തികമായി ഭദ്രമാക്കാൻ നീക്കിവെക്കുന്നത് നന്നായിരിക്കും.
6. ഇൻകം ടാക്സിനെ കരുതുക
വരുമാനം കൂടും തോറും നികുതി ഭാരവും ഉയരും. അതിനാൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇൻകം ടാക്സിനെ കുറിച്ച് ധാരണയുണ്ടായിരിക്കുക പ്രധാനമാണ്. അങ്ങിനെ വരുമ്പോൾ പണം നഷ്ടമാകാതിരിക്കാൻ സഹായിക്കും.
7. പഠിച്ചുകൊണ്ടേയിരിക്കുക
ഒരൊറ്റ രാത്രി കൊണ്ട് ആർക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കഴിയില്ല. അതിനാൽ തന്നെ സ്വന്തം ജീവിതം ഭദ്രമാക്കാൻ സാമ്പത്തിക ലോകത്ത് അപ്പപ്പോൾ വരുന്ന മാറ്റങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കിവെക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന്, ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുമ്പോഴും മറ്റും പണം ഏത് വഴിക്ക് ചിലവാകുന്നുവെന്ന് വ്യക്തമായി അറിയാനും പ്ലാൻ ചെയ്യാനും ഇതുവഴി സാധിക്കും.
