സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിവിധ ബാങ്കുകളുടെ നിരക്കുകൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

മുംബൈ : ആറ്‌ ദിവസത്തിനിടെ രണ്ടാം തവണയും സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്. സ്വകാര്യ വായ്പ ദാതാവായ ഐസിഐസിഐ ബാങ്ക് 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കുകളാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ അതായത് 2022 ജൂൺ 22 മുതൽ പ്രാബല്യത്തിൽ വന്നു. 

തെരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങളുടെ നിരക്കുകളാണ് വർധിപ്പിച്ചത്. അഞ്ച് ബേസിസ് പോയിന്റ് വർധനയാണ് വരുത്തിയത്. ഐസിഐസിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2.75 ശതമാനം മുതൽ 5.75 ശതമാനം വരെയുള്ള നിരക്കുകളിലാണ് വർധന ഉണ്ടായത്. 185 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് ഇനി ബാങ്ക് നൽകുന്ന പലിശ നിരക്ക് 4.65 ശതമാനമാണ്. ഇന്നലെ വരെ ഇത് 4.60 ശതമാനമായിരുന്നു. 

ആക്സിസ് ബാങ്ക് സ്ഥിരനിക്ഷേപ നിരക്കുകൾഉയർത്തി

ദില്ലി : സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്ക് ഉയർത്തി. 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം മുതൽ 5.75 ശതമാനം വരെ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് 3 ശതമാനം മുതൽ 3.50 ശതമാനം വരെ പലിശ ലഭിക്കും. 

ആക്സിസ് ബാങ്ക് സ്ഥിരനിക്ഷേപ നിരക്കുകൾ

ഏഴ് ദിവസം മുതൽ 29 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയും 30 ദിവസം മുതൽ 3 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയും ലഭിക്കും. 3 മുതൽ 6 മാസത്തിനുള്ളിൽ അടയ്‌ക്കേണ്ട നിക്ഷേപങ്ങൾക്ക് ഇപ്പോൾ 3.50 ശതമാനം പലിശ ലഭിക്കും. അതേസമയം 6 മുതൽ 9 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശ നിരക്ക് ലഭിക്കും. 9 മാസം മുതൽ 1 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശയും 1 വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശയും ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. അടുത്ത രണ്ടോ അഞ്ചോ വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.60 ശതമാനം പലിശയും അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ പൂർത്തിയുമാകുന്ന നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും റിട്ടേൺ ലഭിക്കും. 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 2.50 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ ലഭിക്കും.

Read Also : HDFC : അഞ്ച് വർഷത്തിനുള്ളിൽ ബ്രാഞ്ചുകൾ ഇരട്ടിയാക്കും; പ്രതിവർഷം 1,500 ബ്രാഞ്ചുകളെന്ന് എച്ച്‌ഡിഎഫ്‌സി