പാറ്റ്ന: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന ബിഹാറിൽ കോൺഗ്രസ് ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന. പാറ്റ്നയിലെ കോൺഗ്രസ് ഓഫീസിലാണ് ഐടി വിഭാഗം പരിശോധനയ്ക്ക് എത്തിയത്. ഓഫീസ് കോംപൗണ്ടിന് പുറത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്ന് എട്ട് ലക്ഷം രൂപയുമായി സംഘം മടങ്ങി. ഈ വാഹനത്തിലുണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തു.

ഓഫീസിനകത്ത് നിന്നോ കോമ്പൗണ്ടിൽ നിന്നോ ഒരു രൂപ പോലും ആദായ നികുതി വകുപ്പിന് കിട്ടിയില്ലെന്ന് റെയ്ഡ് വിവരം സ്ഥിരീകരിച്ച് കോൺഗ്രസിന്റെ ബിഹാർ സംസ്ഥാന ചുമതല വഹിക്കുന്ന ശക്തിസിങ് ഗോഹിൽ പറഞ്ഞു. പണം പിടിച്ചത് ഓഫീസ് കോമ്പൗണ്ടിന് പുറത്തുനിന്നാണെങ്കിലും കോൺഗ്രസ് അധ്യക്ഷന് നോട്ടീസ് നൽകിയാണ് അന്വേഷണ സംഘം മടങ്ങിയത്. 

അന്വേഷണവുമായി സഹകരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ ബിജെപി സ്ഥാനാർത്ഥി റക്സോളിന്റെ പക്കൽ നിന്ന് കണ്ടെത്തിയ 22 കിലോഗ്രാം സ്വർണം, രണ്ടര കിലോ വെള്ളി എന്നിവയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നും ഗോഹിൽ ചോദിച്ചു.

ഈയാഴ്ച തന്നെ ബിഹാറിലെ രണ്ട് സർക്കാർ കരാറുകാരിൽ നിന്ന് 2.4 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. അതേസമയം റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ആർജെഡിയും രംഗത്ത് വന്നിട്ടുണ്ട്.