വാഷിങ്ടൺ: ഒരു മാഹാമാരിക്കാലമാണ്. ജാതിയും മതവും ഭാഷയും സമ്പത്തുമൊന്നുമല്ല, മനുഷ്യൻ ഒരൊറ്റ മനസോടെ ഒരു മഹാവിപത്തിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. അതിനാൽ തന്നെ അവിടെ അമേരിക്കയെന്നോ സൊമാലിയയെന്നോ വ്യത്യാസമില്ല. പരസ്പരം സഹായിക്കാതെ നിലനിൽപ്പുമില്ല. എങ്ങിനെയെങ്കിലും സഹായിക്കണമെന്ന് ആവശ്യപ്പെടുന്നത് ഇനി അമേരിക്കൻ മേയറായാലും ഇന്ത്യ കൈവിടില്ല. അത് ഒന്നുകൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോൾ.

അമേരിക്കയിലെ പെൻസിൽവാനിയ സ്റ്റേറ്റിലെ ഏറ്റവും വലിയ നഗരമാണ് ഫിലാഡൽഫിയ. അവിടുത്തേക്കാണ് 18 ലക്ഷം എൻ95 മാസ്ക് ഇന്ത്യ അയച്ചിരിക്കുന്നത്. ഫിലാഡൽഫിയ മേയർ ജിം കെന്നിയാണ് ഇന്ത്യയോട് മാസ്ക് ചോദിച്ച് വന്നത്.  നഗരത്തിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉപയോഗിക്കാനാവുന്ന ഗുണമേന്മയുള്ള എൻ 95 മാസ്ക് വേണമെന്നായിരുന്നു മേയർ. ആരോഗ്യമേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ തുടരുന്ന സൗഹൃദം ഒന്നുകൂടി ശക്തിപ്പെടുത്തുന്നത് കൂടിയായി ഇന്ത്യയുടെ ഈ തീരുമാനം.

മാസ്കുകൾ ഫിലാഡൽഫിയയിൽ എത്തിയെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത്ത് സിങ് സന്ധുവാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിലൂടെ ഇന്ത്യയും അമേരിക്കയും തമ്മിൽ ആരോഗ്യരംഗത്ത് തുടരുന്ന ശക്തമായ സൗഹൃദം ഒന്നുകൂടി വെളിവാക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ അഞ്ചിനാണ് ജിം കെന്നി മാസ്ക് ചോദിച്ചത്. ഒക്ടോബർ പത്തിന് തന്നെ മാസ്ക് ഫിലാഡൽഫിയയിൽ എത്തി. അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആറാമത്തെ നഗരമാണ് ഫിലാഡൽഫിയ.