നിർമ്മാണ രം​ഗത്താണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. 9.4 പോയിന്‍റ് വള‍ർച്ചയാണ് നിർമ്മാണ രേഖയിലുണ്ടായത്

ദില്ലി: ഇന്ത്യയുടെ സാമ്പത്തിക വള‍ർച്ച നിരക്കിൽ ഇടിവ്. കഴിഞ്ഞ നാല് കൊല്ലത്തിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണ് 2024 - 2025 സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. 2023 - 24 സാമ്പത്തിക വർഷം 9.2 ശതമാനം വളർച്ചയാണ് ജി ഡി പിയിലുണ്ടായത്. 2024 - 25 സാമ്പത്തിക വർഷത്തെ നാലാം പാദ വളർച്ചാ നിരക്ക് 7.4 ശതമാനമാണെന്നും കേന്ദ്ര സാറ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു.

നിർമ്മാണ രം​ഗത്താണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. 9.4 പോയിന്‍റ് വള‍ർച്ചയാണ് നിർമ്മാണ രേഖയിലുണ്ടായത്. പൊതുഭരണം, പ്രതിരോധം, മറ്റ് സേവന മേഖലകൾ എന്നിവ 8.9 പോയിന്‍റ് വളർന്നു. ആ​ഗോള സാമ്പത്തിക രം​ഗത്തെ വിവിധ പ്രതിസന്ധികളാണ് കഴിഞ്ഞ വർഷങ്ങളെക്കാൾ നിരക്ക് കുറയാൻ കാരണം. എന്നാൽ 6.5 ശതമാനം നിരക്ക് എന്നത് നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ടതാണെന്ന് കേന്ദ്രം വ്യക്തമാക്കി. അടുത്ത 30 വർഷം ലോകത്ത് ഏറ്റവും വേ​ഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ​ഗോയൽ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

നേരത്തെ ഡോണൾഡ് ട്രംപിന്‍റെ താരിഫ് ഭീഷണികൾക്കിടെ 2025 - 26 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജി ഡി പി പ്രവചനം റിസർവ് ബാങ്ക് കുറച്ചിരുന്നു. നേരത്തെ പ്രവചിച്ചിരുന്ന 6.7% വളർച്ചയിൽ നിന്ന് 6.5% ആയാണ് കുറച്ചത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ട്രംപിന്റ്‌റെ താരിഫ് നയങ്ങൾ ഭീഷണി ഉയർത്തുമെന്ന ആശങ്കകൾക്കിടയിലാണ് വളർച്ച പ്രവചനത്തിൽ മാറ്റം വരുത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 26% താരിഫ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ആർ ബി ഐയുടെ എം പി സി യോഗം ഏപ്രിൽ ആദ്യം ചേർന്ന് തീരുമാനമെടുത്തത്. ആർ ബി ഐയുടെ പണനയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ട്രംപിന്റെ താരിഫ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞിരുന്നു. സഞ്ജയ് മൽഹോത്ര ആർ‌ ബി ‌ഐയുടെ പുതിയ ഗവർണറായി ചുമതലയേറ്റത്തിന് ശേഷം നടന്ന എം പി സി യോഗത്തിലാണ് ജി ഡി പി പ്രവചനം കുറച്ചത്. 2026 സാമ്പത്തിക വർഷത്തെ ജി ഡി പി വളർച്ച ഏകദേശം 6.7% ആയി കണക്കാക്കിയിരുന്നു. ഇതാണ് സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള എം പി സി കമ്മിറ്റിയുടെ യോഗത്തിൽ മാറ്റം വരുത്തിയത്. ശേഷം 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 6.5%, രണ്ടാം പാദത്തിൽ 6.7%, മൂന്നാം പാദത്തിൽ 6.6%, നാലാം പാദത്തിൽ 6.3% വളർച്ച കൈവരിക്കുമെന്നാണ് ആർ ബി ഐ പ്രതീക്ഷിച്ചിരുന്നത്.