Asianet News MalayalamAsianet News Malayalam

Indian Economy : 'ഇത്തവണ തന്നെ ആ ഒന്നാം സ്ഥാനം ഇന്ത്യ തിരിച്ചുപിടിക്കും'; കേന്ദ്രത്തിന്റെ കണക്കിൽ പ്രതീക്ഷ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തിന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ടത്. 

Indian economy to grow 9.2% in FY22, fastest in world
Author
Delhi, First Published Jan 8, 2022, 4:00 PM IST

ദില്ലി: ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന അഭിമാന പദത്തിലേക്ക് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം തന്നെ തിരിച്ചെത്തുമെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ പറയുന്നു. ഇത്തവണ 9.2 ശതമാനം വളർച്ചയാണ് ജിഡിപിയിൽ (GDP) പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം റിസർവ് ബാങ്ക് (Reserve Bank) കണക്കാക്കിയത് നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യം 9.5 ശതമാനം വളർച്ച നേടുമെന്നായിരുന്നു.
 
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തിന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ടത്. 7.3 ശതമാനത്തോളം പുറകോട്ട് പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ച് വരുന്നതാണ് ഇത്തവണത്തെ കാഴ്ച. ഒരു പാദവാർഷികം ഇനിയും ബാക്കിയുണ്ടെന്നിരിക്കെ കൊവിഡ് വ്യാപനത്തിലുണ്ടായ വർധന ആശങ്ക വിതയ്ക്കുന്നുണ്ട്. എങ്കിലും ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് രാജ്യം.

ഇക്കുറി 9.2 ശതമാനം വളർച്ച നേടാനായാൽ 2019 ൽ കൊവിഡിന് മുൻപത്തെ ജിഡിപിയെ മറികടക്കാൻ രാജ്യത്തിന് സാധിക്കും. കാർഷികം, ഖനനം, നിർമ്മാണ മേഖലകളിലാണ് ഏറെ പ്രതീക്ഷ. 2021-22 വർഷത്തെ പ്രതീക്ഷിത ജിഡിപി 147.54 കോടി രൂപയാണ്. 2020-21 വർഷത്തിലെ ജിഡിപി 135.13 കോടി രൂപയായിരുന്നു.

ഐഎംഎഫ് റിപ്പോർട്ട് പ്രകാരം ഇന്ത്യ നടപ്പ് സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം വളർച്ച നേടുമെന്നാണ്. ഫിച്ച് റേറ്റിങ്സ് പറയുന്നത് 8.7 ശതമാനം വളർച്ചയാണ്. മൂഡിസ് ഇൻവസ്റ്റേർസ് സർവീസ് പറയുന്നത് 9.3 ശതമാനം വളർച്ച നേടുമെന്നാണ്. ലോക ബാങ്ക് റിപ്പോർട്ട് പ്രകാരം 8.3 ശതമാനവും ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക സർവേ പ്രകാരം രാജ്യം 11 ശതമാനവുമാണ് വളർച്ച പ്രതീക്ഷിക്കുന്നത്. അതേസമയം ചൈനയുടെ നിലവിലെ പ്രതീക്ഷിത വളർച്ചാ നിരക്ക് എട്ട് ശതമാനമാണ്.

Follow Us:
Download App:
  • android
  • ios