ദില്ലി: ഡീസലിന്‍റെ വില ഉയര്‍ന്നെങ്കിലും റെയില്‍വേ യാത്രക്കൂലി അടക്കമുളള നിരക്കുകള്‍ ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കി. റെയില്‍വേയില്‍ ഏതാനും വര്‍ഷങ്ങളായി ഡീസല്‍ ഉപയോഗം കുറഞ്ഞുവരികയാണ്. 2022 ഓടെ ഇന്ത്യന്‍ റെയില്‍വേ 100 ശതമാനം വൈദ്യുതവല്‍ക്കാരിക്കാനാണ് പദ്ധതിയെന്നും മന്ത്രി അറിയിച്ചു. 

രാജ്യത്തെ ഡീസലിന്‍റെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോക്താവാണ് ഇന്ത്യന്‍ റെയില്‍വേ. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‍റെയും ചെലവ് കുറയ്ക്കുന്നതിന്‍റെയും ഭാഗമായി വൈദ്യുതവല്‍ക്കരണത്തോടൊപ്പം തന്നെ ബയോ ഡീസലും ഇന്ത്യന്‍ റെയില്‍വേ ഉപയോഗിച്ചുവരുന്നുണ്ട്. രാജ്യത്തെ മൊത്ത വൈദ്യുത ഉപഭോഗത്തിന്‍റെ 1.27 ശതമാനവും ആകെ ഡീസല്‍ ഉപഭോഗത്തിന്‍റെ മൂന്ന് ശതമാനവും റെയില്‍വേയാണ് നടത്തുന്നത്.