ബെംഗളൂരു: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കൂടുതല്‍ ക്ഷീണിക്കുമെന്ന് റിപ്പോര്‍ട്ട്. റോയിട്ടേര്‍സിന്‌റെ പോളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് പരത്തിയിരിക്കുന്ന ഭീഷണിയെ തുടര്‍ന്ന് നിക്ഷേപകര്‍ സ്ഥിരം ഇടങ്ങളില്‍ നിന്ന് പിന്‍വാങ്ങി കൂടുതല്‍ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര ബജറ്റില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ തക്കതായ വലിയ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. അതേസമയം കേന്ദ്രസര്‍ക്കാരിന്‌റെയും തങ്ങളുടെയും ലക്ഷ്യം സാമ്പത്തിക വളര്‍ച്ചയാണെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം പറഞ്ഞത്.

വരുന്ന മൂന്ന് മാസം അന്താരാഷ്ട്ര തലത്തിലെ എമര്‍ജിങ് മാര്‍ക്കറ്റുകളാണ് തിരിച്ചടി നേരിടുകയെന്നാണ് റോയിട്ടേര്‍സിന്‌റെ പോളില്‍ പങ്കെടുത്ത 90 ശതമാനം സാമ്പത്തിക നിരീക്ഷകരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കറന്‍സി ഇന്ത്യയുടേതാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഒരു ശതമാനമാണ് ഇടിഞ്ഞത്. ഈ സാമ്പത്തിക വര്‍ഷത്തിന്‌റെ അവസാനമാകുമ്പോഴേക്കും ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 72 എന്ന നിലയിലാകും എന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച 71.20 രൂപയായിരുന്നു ഒരു ഡോളറിനെതിരെ വില.