ഇതുവരെ ആദായ നികുതി റീഫണ്ട് ലഭിച്ചില്ലേ? ഈ കാര്യങ്ങൾ ഉടനടി പരിഹരിക്കണം, നികുതിദായകർ അറിയേണ്ടതെല്ലാം
കൃത്യസമയത്ത് റിട്ടേൺ സമർപ്പിച്ചിട്ടും റീഫണ്ട് ലഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്? ഇത് നികുതിദായകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിവസമായിരുന്നു ജൂലൈ 31. സമയപരിധിക്ക് മുൻപായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്ത നിരവധി നികുതിദായകർ ഇപ്പോഴും റീഫണ്ടിനായി കാത്തിരിക്കുകയാണ്. കൃത്യസമയത്ത് റിട്ടേൺ സമർപ്പിച്ചിട്ടും റീഫണ്ട് ലഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്? ഇത് നികുതിദായകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സമയപരിധിക്കുള്ളിൽ 7 കോടിയിലധികം ഐടിആറുകൾ ആണ് ഫയൽ ചെയ്യപ്പെട്ടത്, എന്നാൽ 2024 ഓഗസ്റ്റ് 23 വരെ ആദായ നികുതി വകുപ്പ് ഈ റിട്ടേണുകളിൽ 5.34 കോടി മാത്രമാണ് പ്രോസസ്സ് ചെയ്തിട്ടുള്ളത്. കൂടാതെ, 2 കോടിയിലധികം പരിശോധിച്ച ഐടിആറുകൾ ഇപ്പോഴും പ്രോസസ്സ് ചെയ്യാതെ കിടക്കുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം, നികുതി വകുപ്പ് ഈ വർഷം പുറപ്പെടുവിച്ച 'ഡിഫെക്റ്റീവ് ഐടിആർ' നോട്ടീസ് വർധിച്ചതാണ്.
എന്താണ് 'ഡിഫെക്റ്റീവ് ഐടിആർ'?
ഐടിആർ ഫയൽ ചെയ്യുമ്പോൾ, നൽകിയ വിവരങ്ങളിൽ പിശകുകളോ പൊരുത്തക്കേടുകളോ അപൂർണ്ണമായ വിശദാംശങ്ങളോ ഉള്ളവയാണ് ഇവ. ഇതുകാരണം റിട്ടേൺ നല്കാൻ ആദായനികുതി വകുപ്പിന് കഴിയാതെ വരും. ആദായനികുതി നിയമത്തിലെ സെക്ഷൻ 139(9) പ്രകാരം നിങ്ങളുടെ ഐടിആർ തകരാറിലാണെന്ന് നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും. ഈ അറിയിപ്പ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അയക്കും. മാത്രമല്ല ഇത് ഇ-ഫയലിംഗ് പോർട്ടലിലും കാണാൻ കഴിയും.
ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചാൽ എന്തുചെയ്യണം?
ആദായ നികുതി വകുപ്പിന്റെ അറിയിപ്പ് ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് രണ്ട് വഴികളുണ്ട്, ഇനിയും സമയമുണ്ടെങ്കിൽ, ഒന്നുകിൽ ഒരു പുതിയ റിട്ടേൺ ഫയൽ ചെയ്യുക അല്ലെങ്കിൽ നിലവിലുള്ളത് പുതുക്കുക, സമയപരിധി കഴിഞ്ഞിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഐടിആർ അസാധുവായി കണക്കാക്കാം. ഈ വര്ഷം ഫയൽ ചെയ്യാൻ കഴിയുകയുമില്ല. അതിനാൽ വേഗത്തിൽ പരിഹാരം കാണേണ്ടതുണ്ട്.
ഐടിആർ തിരുത്താനുള്ള സമയപരിധി എപ്പോൾ വരെയാണ്
ഐടിആർ നോട്ടീസ് ലഭിച്ചു കഴിഞ്ഞാൽ, പ്രശ്നം പരിഹരിക്കാൻ നോട്ടീസ് തീയതി മുതൽ 15 ദിവസം വരെ സമയമുണ്ടാകും. ഈ സമയപരിധി നോട്ടീസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടാകും. കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ, ഒരു സാവകാശം ആവശ്യപ്പെട്ട് അപേക്ഷ അയക്കാം.