ദില്ലി: ഗുരുതര സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേസിന്‍റെ ഓഹരി വില്‍പ്പനയ്ക്കുളള താല്‍പര്യപത്രം ക്ഷണിച്ചു. ഓഗസ്റ്റ് മൂന്ന് വരെ ജെറ്റിന്‍റെ ആസ്തി വാങ്ങുന്നതിന് താല്‍പര്യപത്രം സമര്‍പ്പിക്കാം. 

ജെറ്റ് എയര്‍വേസ് ആസ്തിവില്‍പ്പനയ്ക്ക് റെസല്യൂഷന്‍ പ്രൊഫഷണലാണ് താല്‍പര്യപത്രം ക്ഷണിച്ചത്. വെബ്സൈറ്റിലും പത്രങ്ങളിലും റെസല്യൂഷന്‍ പ്രൊഫഷണല്‍ ആശിഷ് ചൗചാരിയാണ് താല്‍പര്യം പത്രം ക്ഷണിച്ചിരിക്കുന്നത്. 

ആസ്തിവില്‍പ്പന സംബന്ധിച്ച് എതിര്‍പ്പുളളവര്‍ക്ക് ഓഗസ്റ്റ് 11 വരെ എതിര്‍പ്പ് അറിയിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14 ന് അപേക്ഷകരുടെ അന്തിമ പട്ടിക പുറത്തിറക്കുമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 20 ന് മുന്‍പ് റെസല്യൂഷന്‍ പ്രൊഫഷണല്‍ പദ്ധതി ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന് മുന്നില്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

14 എയര്‍ക്രാഫ്റ്റുകളും ജെറ്റ് പ്രിവിലേജിലെ 49 ശതമാനം ഓഹരികളും മറ്റ് സ്ഥാപനങ്ങളുമാണ് ജെറ്റിന്‍റെ ആസ്തി. ജെറ്റ് എയര്‍വേസ് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് 124 വിമാനങ്ങളുണ്ടായിരുന്നു. ഇതില്‍ 10 എണ്ണം ബോയിംഗ് വിമാനങ്ങളാണ്.