മുംബൈ: സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യ മാനേജിംഗ് ഡയറക്ടർ കെ മാധവനെ 2020-21 വർഷത്തേക്കുള്ള ദേശീയ മാധ്യമ-വിനോദ കമ്മിറ്റി ചെയർമാനായി സിഐഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീ) നിയമിച്ചു. എസ്സൽ പ്രൊപാക്ക് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സുധാൻഷു വാട്‌സിൽ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു.

വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ ടെലിവിഷൻ ബിസിനസ്സിന് കെ മാധവനാണ് മേൽനോട്ടം വഹിക്കുന്നത്. 

2019 ഡിസംബറിലാണ് സ്റ്റാർ ആൻഡ് സിഡ്നി ഇന്ത്യയുടെ കൺട്രി മാനേജരായി കെ മാധവൻ ചുമതലയേൽക്കുന്നത്. പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിനെ ഇന്ത്യയിലെ തന്നെ മുൻനിര ചാനലാക്കുന്നതിനും, സ്റ്റാര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള പ്രാദേശിക ഭാഷാ ചാനലുകളുടെ വളര്‍ച്ചക്കും അദ്ദേ​ഹം നേതൃത്വം നൽകി. 

ഏഷ്യാനെറ്റിനെ അമേരിക്ക, യൂറോപ്പ്, തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിക്കാനായതും കെ മാധവന്‍റെ ശ്രമഫലമായിട്ടാണ്. മിഡിൽ ഈസ്റ്റ് മലയാളികൾക്ക് വേണ്ടി ആദ്യമായി മിഡിൽ ഈസ്റ്റ് ചാനൽ തുടങ്ങിയതും കെ മാധവന്‍റെ ദീര്‍ഘവീക്ഷണ ഫലമായിരുന്നു.