മലപ്പുറം: കേരള ബാങ്കിന് അംഗീകാരം കിട്ടാൻ സംസ്ഥാന സർക്കാർ റിസർവ് ബാങ്കിൽ സമർപ്പിച്ച കണക്കുകൾക്ക് വിരുദ്ധമായി നബാർഡ് റിപ്പോർട്ട്. കേരള ബാങ്കിൽ ലയിപ്പിച്ച 13 ബാങ്കുകൾക്ക്  മൂലധന പര്യാപ്തത ഉണ്ടെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. എന്നാൽ പത്ത് ബാങ്കുകൾക്ക് മാത്രമാണ് മൂലധന പര്യാപ്തതയുള്ളതെന്നാണ് നബാർഡിന്റെ കണ്ടെത്തൽ.

കേരള ബാങ്കിന് അനുമതി നൽകാൻ റിസർവ് ബാങ്ക് നിർദേശിച്ച പ്രധാന വ്യവസ്ഥകളിൽ ഒന്ന് കേരള ബാങ്കിൽ ലയിക്കുന്ന സംസ്ഥാന സഹകരണ ബാങ്കിനും മറ്റും 13 ജില്ലാ സഹകരണ ബാങ്കുകൾക്കും മൂലധന പര്യാപ്തത വേണമെന്നായിരുന്നു. ഇതിൽ രണ്ട് ബാങ്കുകളൊഴികെ മറ്റെല്ലാ ബാങ്കുകൾക്കും മൂലധന പര്യാപ്തത ഉണ്ടെന്ന് കാണിച്ചാണ് സർക്കാർ കേരള ബാങ്കിന് അംഗീകാരം നേടിയെടുത്തത്. 

എന്നാൽ സംസ്ഥാന സഹകരണ വകുപ്പ് റിസർവ്വ് ബാങ്കിന് സമർപ്പിച്ച റിപ്പോർട്ടിന് കടകവിരുദ്ധമാണ് നബാർഡിന്റെ റിപ്പോർട്ട്. ഇത് പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലാ സഹകരണ ബാങ്കുകൾക്ക് മൂലധന പര്യാപ്തത ഇല്ല. കേരള ബാങ്കിന് അംഗീകാരം കിട്ടാനായി സർക്കാർ ബാങ്കുകളുടെ മൂലധന ആസ്തി പെരുപ്പിച്ചു കാണിച്ചുവെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍(2018-19) ലാഭത്തിലാണെന്ന് സഹകരണ വകുപ്പ് പറയുന്ന ആറ് ജില്ലാ ബാങ്കുകള്‍ നഷ്ടത്തിലാണെന്ന് നബാര്‍ഡ് റിപ്പോർട്ടിൽ പറയുന്നു. നബാർഡിന്റെ റിപ്പോർട്ട് പ്രസക്തമല്ലെന്നാണ് കേരള ബാങ്ക് അധികൃതരുടെ വാദം. 2018-19 സാമ്പത്തിക വർഷം ഉണ്ടായിരുന്ന 780 കോടിയുടെ നഷ്ടം നികത്തിയാലേ അന്തിമാനുമതി കിട്ടുവെന്ന് നേരത്തെ റിസർവ്വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. മാർച്ച് 31ന് മുൻപായി കുടിശ്ശിക പിരിഞ്ഞ് കിട്ടിയാൽ നഷ്ടം നികത്താനാകുമെന്നും അന്തിമാനുമതി നേടാനാകുമെന്നുമാണ് പ്രതീക്ഷ.

നബാർഡ് റിപ്പോർട്ട് പ്രകാരം, റിസർവ്വ് ബാങ്ക് നിഷ്കർഷിക്കുന്ന മൂലധന പര്യാപ്തതയില്ലാത്ത ബാങ്കുകൾ ഇവയാണ്. ഇടുക്കി (8.4%), പത്തനംതിട്ട (7.1%), തിരുവനന്തപുരം (-10.8%), വയനാട് (7.9%). നബാർഡ് റിപ്പോർട്ട് പ്രകാരം 2018-19ൽ നഷ്ടത്തിലുള്ള ബാങ്കുകൾ ആലപ്പുഴ, എറണാകുളം, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, വയനാട് എന്നിവയാണ്. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന് 49.3067 കോടി രൂപയുടെ നഷ്ടമുണ്ട്. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്  21.7287 കോടിയുടെ നഷ്ടവുമുണ്ട്. 2018-19  ലെ കണക്ക് പ്രകാരം കേരള ബാങ്കിന് ഒൻപത് ശതമാനം മൂലധന പര്യാപ്തത ആര്‍ജ്ജിക്കണമെങ്കില്‍ 97.92 കോടി രൂപയുടെ കുറവുണ്ട്.