കൊവിഡ് പശ്ചാതലത്തില്‍ കൈയ്യിലൊന്നുമില്ലാതെ തിരിച്ചെത്തുന്ന ഗള്‍ഫ് കുടുംബം പട്ടിണിയാകാതിരിക്കാന്‍ പുനരധിവാസ പാക്കേജ് വേണമെന്നതാണ് പ്രവാസികളുടെ പ്രധാന ആവശ്യം.

ദുബായ്/തിരുവനന്തപുരം: തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം. മൂന്നരലക്ഷത്തിലേറെ പേരാണ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസം അവസാനിപ്പിച്ച് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.

കൊവിഡ് കാലത്ത് ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഒരു വലിയ വിഭാഗത്തിന്റെ മുന്നോട്ടുള്ള ജീവിതം പ്രയാസത്തിലാണ്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് മലയാളികള്‍. 

സര്‍ക്കാരിന് കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റുകളില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ പദ്ധതി തയാറാക്കണമെന്നത് പ്രവാസി സംഘടനകളുടെ ആവശ്യങ്ങളില്‍ ഒന്നാണ് BT കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കാനും, സ്വയം തൊഴില്‍ പദ്ധതി തുടങ്ങാന്‍ പലിശ രഹിത വായ്പാ പദ്ധതികള്‍ ആവിഷ്‌കരിക്കാനുമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. 

കൊവിഡ് പശ്ചാതലത്തില്‍ കൈയ്യിലൊന്നുമില്ലാതെ തിരിച്ചെത്തുന്ന ഗള്‍ഫ് കുടുംബം പട്ടിണിയാകാതിരിക്കാന്‍ പുനരധിവാസ പാക്കേജ് കൂടിയേ തീരൂവെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം. കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്ദ്ധരുടെ കഴിവിനെ ഡ്രീം കേരളയിലൂടെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന പ്രഖ്യാപനത്തില്‍ തോമസ് ഐസക്കിന്റെ ബജറ്റില്‍ വ്യക്തതയുണ്ടാവുമെന്നും പ്രവാസികള്‍ കരുതുന്നു.