കുടുംബശ്രീയിലൂടെ കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്‍പന്ന യൂണിറ്റുകള്‍ ആരംഭിക്കാന്‍ 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിഷരഹിത നാടന്‍ പച്ചക്കറികള്‍ ഉത്‍പാദിപ്പിക്കുന്ന കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വില്‍പന നടത്തുന്നതിനുള്ള സ്റ്റോറുകള്‍ ആംഭിക്കുന്നതിന് കേരള ബാങ്ക് മുഖേന വായ്‍പ ലഭ്യമാക്കും. 

തിരുവനന്തപുരം: കുടുംബശ്രീയിലെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ഷം 10,000 ഓക്സിലറി അയല്‍ക്കൂട്ട യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ ധനകാര്യ മന്ത്രി അറിയിച്ചു. നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 100 കോടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജീവനോപാധികള്‍ നഷ്‍ടപ്പെട്ടവര്‍ക്ക് പുതിയ ജീവനോപാധികള്‍ കണ്ടെത്താന്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിനും സംരംഭങ്ങള്‍ക്ക് സബ്‍സിഡി നല്‍കുന്നതിനുമാണ് ഈ ഉപജീവന പാക്കേജ്.

കുടുംബശ്രീയിലൂടെ കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്‍പന്ന യൂണിറ്റുകള്‍ ആരംഭിക്കാന്‍ 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിഷരഹിത നാടന്‍ പച്ചക്കറികള്‍ ഉത്‍പാദിപ്പിക്കുന്ന കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വില്‍പന നടത്തുന്നതിനുള്ള സ്റ്റോറുകള്‍ ആംഭിക്കുന്നതിന് കേരള ബാങ്ക് മുഖേന വായ്‍പ ലഭ്യമാക്കും. സ്റ്റോറുകളുടെ നവീകരണത്തിനും വാഹനങ്ങള്‍ വാങ്ങാനും വായ്‍പാ പണം ഉപയോഗിക്കാം. തിരിച്ചടവിന് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ സബ്‍സിഡി അനുവദിക്കും. കെയര്‍ എക്കോണമിയിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വയോജന പരിചരണം, ഭിന്നശേഷിക്കാരുടെ പരിചരണം തുടങ്ങിയവയില്‍ കുടുംബശ്രീ വഴി പരിശീലനം നല്‍കി ഓരോ പഞ്ചായത്തിലും ആളുകളെ ലഭ്യമാക്കുമെന്നുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.