തിരുവനന്തപുരം: സംസ്ഥാനത്തെ എംബിഎ പ്രവേശന പരീക്ഷയായ കെമാറ്റിന്‍റെ നടത്തിപ്പ് ചുമതല സര്‍ക്കാര്‍ പ്രവേശന പരീക്ഷ കമ്മിഷണറെ ഏല്‍പ്പിച്ചു. ഇതുവരെ പ്രവേശന മേല്‍നോട്ട സമിതിയായ ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു കമ്മിറ്റിക്കായിരുന്നു ചുമതല. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവേശന മേല്‍നോട്ട സമിതിയുടെ നേതൃത്വത്തില്‍ വിവിധ സര്‍വകലാശാലകളാണ് കെമാറ്റ് പരീക്ഷ നടത്തിയിരുന്നത്. വര്‍ഷം രണ്ട് പരീക്ഷയാണ് എംബിഎ പ്രവേശനത്തിനായി സംസ്ഥാനത്ത് നടത്തുന്നത്. പ്രവേശന പരീക്ഷയില്‍ 15 മാര്‍ക്ക് എങ്കിലും നേടാത്തവരെ അയോഗ്യരാക്കുകയാണ് കമ്മിറ്റി മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്. ഇത് സംസ്ഥാനത്തെ മാനേജ്മെന്‍റ് കോളേജുകളില്‍ എംബിഎ കോഴ്സിന് വലിയ തോതില്‍ സീറ്റ് ഒഴിഞ്ഞുകിടക്കാന്‍ കാരണമായിരുന്നു. 

പരീക്ഷയുടെ മിനിമം മാര്‍ക്ക് വിഷയത്തില്‍ കമ്മിറ്റിയും മാനേജ്മെന്‍റുകളുമായി തര്‍ക്കത്തിനും ഇത് കാരണമായിരുന്നു. പ്രവേശന പരീക്ഷ നടത്തുന്നത് പ്രവേശന കമ്മിഷണറുടെ ഉത്തരവാദിത്വമാണെന്ന് സര്‍ക്കാര്‍ അവസാന നിലപാട് എടുത്തതോടെയാണ് ചുമതല കമ്മിഷണറുടെ പക്കലേക്ക് എത്തുകയായിരുന്നു. 

2020 മെയ് അവസാന വാരമാണ് ഇനി അടുത്ത പ്രവേശന പരീക്ഷ നടത്തുക. ഓണ്‍ലൈന്‍ രീതിയിലായിരിക്കും പരീക്ഷ. പ്രവേശന പരീക്ഷ കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന പരീക്ഷയുടെ വിജ്ഞാപനം മാര്‍ച്ചില്‍ ഇറങ്ങിയേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.