Asianet News MalayalamAsianet News Malayalam

ജിഎസ്ടി നഷ്ടപരിഹാരം 1.58 ലക്ഷം കോടിയിലും അധികമായിരിക്കണമെന്ന് കേരളം

സംസ്ഥാനങ്ങൾക്കുള്ള നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഎസ്ടി നഷ്ടപരിഹാരം 2.69 ലക്ഷം കോടിയെന്നാണ് കേന്ദ്രം കണക്കാക്കിയത്. 

Kerala wants GST compensation to be more than Rs 1.58 lakh crore
Author
Delhi, First Published May 31, 2021, 9:12 AM IST

ദില്ലി: കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് വാഗ്ദാനം ചെയ്ത 2022 സാമ്പത്തിക വർഷത്തേക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഇപ്പോൾ കണക്കാക്കിയിരിക്കുന്ന 1.58 ലക്ഷം കോടിയിലും അധികമായിരിക്കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ. കേരളത്തിന്റെ ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലിന് പുറമെ പഞ്ചാബിലെയും ഛത്തീസ്ഗഡിലെയും ധനമന്ത്രിമാരാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ചർച്ച ചെയ്യാൻ ജിഎസ്ടി കൗൺസിലിന്റെ പ്രത്യേക യോഗവും ചേരും.

സംസ്ഥാനങ്ങൾക്കുള്ള നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഎസ്ടി നഷ്ടപരിഹാരം 2.69 ലക്ഷം കോടിയെന്നാണ് കേന്ദ്രം കണക്കാക്കിയത്. ഇതിൽ 1.11 ലക്ഷം കോടി രൂപ ആഡംബര വസ്തുക്കളുടെയും മറ്റും നികുതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നടപ്പിലാക്കിയതിനെ തുടർന്നുള്ള നഷ്ടം നികത്താൻ നൽകും. ബാക്കിയുള്ള 1.58 ലക്ഷം കോടി കടമെടുത്ത് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാണ് കേന്ദ്ര തീരുമാനം. സംസ്ഥാനങ്ങളുടെ സാമ്പത്തിക വളർച്ച ഏഴ് ശതമാനം എന്ന് കണക്കാക്കിയാണ് നടപ്പ് സാമ്പത്തിക വർഷത്തിലെ നടപടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാർ 1.10 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് കടമെടുത്ത് നൽകിയിരുന്നു. കൊവിഡ് സെസ് ഏർപ്പെടുത്തി 68700 കോടി രൂപ കൂടി നൽകി.

കേരളത്തിന് 4077 കോടിയാണ് ജിഎസ്ടി നഷ്ടപരിഹാര കുടിശികയുള്ളത്. വരുമാനത്തിൽ വാഗ്ദാനം ചെയ്ത 14 ശതമാനം വളർച്ച കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങൾ നെഗറ്റീവ് വളർച്ചയാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഏഴ് ശതമാനം വരുമാന വളർച്ചയെന്ന കേന്ദ്ര നിലപാട് യാഥാർത്ഥ്യവുമായി യോജിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

മെയ് 28 ന് ചേർന്ന കൗൺസിൽ യോഗത്തിൽ വരുമാനത്തിലുണ്ടായ ഇടിവും 2022 ന് ശേഷമുള്ള ജിഎസ്ടി നഷ്ടപരിഹാരവുമായിരുന്നു മുഖ്യ അജണ്ട. എല്ലാ സംസ്ഥാനങ്ങളും 20 മുതൽ 50 ശതമാനം വരെ വരുമാന ഇടിവ് നേരിടുന്നുണ്ടെന്ന് പഞ്ചാബിലെ ധനമന്ത്രി മൻപ്രീത് സിങ് ബാദൽ പറഞ്ഞു. എല്ലാ പാദവാർഷിക കാലത്തും ജിഎസ്ടി കൗൺസിൽ യോഗം ചേർന്ന് ഇക്കാര്യം വിശദമായി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചാബിന് മാത്രം ജിഎസ്ടി നഷ്ടുപരിഹാരത്തിൽ 5000 കോടിയുടെ കുറവാണ് ഏപ്രിൽ മാസത്തിലുണ്ടായത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും യോഗത്തിൽ ഒരേ ശബ്ദത്തിൽ ജിഎസ്ടി നഷ്ടപരിഹാരം ഉയർത്തണമെന്ന ആവശ്യം രേഖപ്പെടുത്തിയെന്നും ബാദൽ പിടിഐയോട് പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios