കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് തുറന്നു സമ്മതിക്കുന്ന ധനമന്ത്രിക്ക് മുന്നില്‍ പക്ഷെ പ്രതിസന്ധികള്‍ മറികടക്കാന്‍ വഴികള്‍ കുറവ്. ജിഎസ്ടി നഷ്ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. ജിഎസ്ടി നഷ്ടപരിഹാരമടക്കം കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട സഹായം പിടിച്ചു വാങ്ങിയാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കൊവിഡ് വ്യാപനം മൂലം നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയും ധനമന്ത്രിക്ക് മുന്നിലുണ്ട്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് തുറന്നു സമ്മതിക്കുന്ന ധനമന്ത്രിക്ക് മുന്നില്‍ പക്ഷെ പ്രതിസന്ധികള്‍ മറികടക്കാന്‍ വഴികള്‍ കുറവ്. ജിഎസ്ടി നഷ്ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി. ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം

കടമെടുപ്പ് പരിധി ഇനിയും ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടിയാണ് കടമെടുത്തത്. ഈ മാസം ഇതുവരെ രണ്ടായിരം കോടി രൂപ കടമെടുത്തു. 36,800 കോടിരൂപ ഈ വര്‍ഷം കടമെടുക്കാനാണ് നീക്കം കൊവിഡ് പ്രതിരോധ ചിലവുകള്‍ കുത്തനെ ഉയരുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. പുതിയ വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നികുതി കൂട്ടുകയാണ് മറ്റൊരു മാര്‍ഗ്ഗം. എന്നാല്‍ സാധാരണക്കാരുടെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതാക്കിയ മഹാമാരിക്കിടെ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നില്ല. ആ സാഹചര്യത്തില്‍ അധിക വരുമാനത്തിനായി കേന്ദ്രത്തിനു മുമ്പില്‍ സമ്മര്‍ദ്ദം ശക്തമാക്കുക മാത്രമാകും ധനമന്ത്രിക്കു മുമ്പിലെ പോംവഴി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona