തിരുവനന്തപുരം: അടുത്തടുത്ത വര്‍ഷങ്ങളിലുണ്ടായ രണ്ട് പ്രളയങ്ങളില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് വഴികാട്ടാന്‍ കണ്‍സള്‍ട്ടന്‍റായി കെപിഎംജിയെ നിയമിച്ചു. കേരള സര്‍ക്കാരും കെപിഎംജിയുടെ തമ്മിലുളള കരാര്‍ ഈ ആഴ്ച ഒപ്പിടും. അന്താരാഷ്ട്ര ടെന്‍ഡര്‍ വഴിയാണ് ബഹുരാഷ്ട്ര കണ്‍സല്‍ട്ടിങ് ഭീമനായ കെപിഎംജിയെ തെരഞ്ഞെടുത്തത്. 

മൊത്തം 15 കമ്പനികളാണ് കണ്‍സല്‍ട്ടിങ് കരാറിനായി അപേക്ഷിച്ചിരുന്നത്. കെപിഎംജി ഉള്‍പ്പടെ നാല് കമ്പനികളാണ് അന്തിമ ഘട്ട മത്സരത്തിന് രംഗത്തുണ്ടായിരുന്നത്. നേരത്തെ പുനര്‍നിര്‍മാണത്തിന് രൂപരേഖ തയ്യാറാക്കാന്‍ കെപിഎംജിയുടെ സൗജന്യ സേവനം കേരള സര്‍ക്കാരിന് ലഭിച്ചിരുന്നു. 

11 മേഖലകളിലായാണ് പ്രളയ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിന് വിദഗ്ധരായവരുടെ സേവനം അനിവാര്യമായി വന്ന സാഹചര്യത്തിലാണ് കണ്‍സല്‍ട്ടന്‍റിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.