തിരുവനന്തപുരം: ഇടത്തരം ഐടി കമ്പനിയായ മൈന്‍ഡ്ട്രീയുടെ ഭൂരിഭാഗം ഓഹരികളും എല്‍ ആന്‍ഡ് ടി സ്വന്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നാണ് എല്‍ ആന്‍ഡ് ടി. ഓപ്പണ്‍ ഫോറത്തിലൂടെ ഓഹരി ഉടമകളില്‍ നിന്ന് 21 ശതമാനം ഓഹരികള്‍ ലഭിച്ചതോടെയാണ് മൈന്‍ഡ്ട്രീയുടെ നിയന്ത്രാധികാരം എല്‍ ആന്‍ഡ് ടിയുടെ കൈവശമെത്തിയത്. 

കമ്പനിയുടെ 66 ശതമാനം ഓഹരികള്‍ നേടിയെടുക്കാനാണ് എല്‍ ആന്‍ഡ് ടി ലക്ഷ്യമിടുന്നത്. ഏറ്റെടുക്കല്‍ നീക്കത്തിനെതിരെ മൈന്‍ഡ്ട്രീയുടെ സ്ഥാപകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍, അവരുടെ കൈവശം 13.3 ശതമാനം ഓഹരികള്‍ മാത്രമാണ് കമ്പനിയുടേതായി ശേഷിക്കുന്നത്. 'കഫെ കോഫി ഡേ' മേധാവി വിജി സിദ്ധാര്‍ത്ഥയില്‍ നിന്ന് മാര്‍ച്ച് മാസത്തില്‍ ഏതാണ്ട് 20 ശതമാനം ഓഹരി സ്വന്തമാക്കിയതോടെയാണ് മൈന്‍ഡ്ട്രീ ഏറ്റെടുക്കാനുളള ശ്രമങ്ങള്‍ എല്‍ ആന്‍ഡ് ടി ആരംഭിച്ചത്. സിങ്കപ്പൂര്‍ ആസ്ഥാനമായ നളന്ദ കാപിറ്റലില്‍ നിന്ന് 10.61 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.