ദില്ലി: കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ പുതിയ ഓഹരി വില്‍പ്പന പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ എല്‍ഐസി എന്ന ലൈഫ് ഇന്‍ഷുറന്‍സ്
കോര്‍പ്പറേഷനാവും വില്‍ക്കുകയെന്ന് ഇന്ത്യയിലാരും സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. എന്തെന്നാല്‍ സ്വത്ത് കുന്നുകൂടി കിടക്കുന്ന, ഒരു
നിധികുംഭമാണ് ഇന്ത്യയ്ക്കിന്ന് എല്‍ഐസി.

അടുത്ത സെപ്തംബര്‍ മാസത്തോടെ ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുമെന്നാണ് വിവരം. പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ പക്കലാണ്. ഇതിന്റെ പത്ത് ശതമാനം വിറ്റഴിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ആസ്തി കുമിഞ്ഞുകൂടിയ
സ്ഥാപനമായതിനാല്‍ തന്നെ ഓഹരി വാങ്ങുന്നവര്‍ക്ക് അതൊരു ലോട്ടറിയായിരിക്കുമെന്ന് വ്യക്തം.

എല്‍ഐസിയെ കുറിച്ച് നിങ്ങളറിയേണ്ടത് ഇക്കാര്യങ്ങളാണ്

എല്‍ഐസിയുടെ മൊത്തം ആസ്തി 36 ,65 , 743 കോടിയാണ്. രാജ്യത്തൊട്ടാകെ എല്‍ഐസിക്ക് 34923 പ്രീമിയം കളക്ഷന്‍ കേന്ദ്രങ്ങളുണ്ട്. ഇതിന് പുറമെ
എല്‍ഐസിക്ക് രാജ്യത്ത് ആകെ 11280 ബ്രാഞ്ച് ഓഫീസുകളുമുണ്ട്. എല്‍ഐസിയുടെ ആകെ ഏജന്റുമാര്‍ 2194747 പേരാണ്. അതേസമയം ഇതിന്റെ പത്ത് ശതമാനം മാത്രമാണ് ജീവനക്കാരുള്ളത്. അതായത് 285019 പേര്‍. 29 കോടി പോളിസികളാണ് കോര്‍പ്പറേഷന് ആകെയുള്ളത്. 

കഴിഞ്ഞ വര്‍ഷം എല്‍ഐസിയുടെ വരുമാനം 5.60 ലക്ഷം കോടിയായിരുന്നു. പേര് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നാണെങ്കിലും വെറും ഇന്‍ഷുറന്‍സ് പ്രീമിയം മാത്രമല്ല ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖല. എല്‍ഐസിയുടെ ഉപകമ്പനികളായി, 2019 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം അഞ്ച് സ്ഥാപനങ്ങളുണ്ട്. അവയിലൊന്നാണ് കേന്ദ്രം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഐഡിബിഐ ബാങ്ക്. എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, എല്‍ഐസി പെന്‍ഷന്‍ ഫണ്ട്, എല്‍ഐസി ക്രഡിറ്റ് കാര്‍ഡ്‌സ്, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എന്നിവയാണ് മറ്റ് ഉപകമ്പനികള്‍.