Asianet News MalayalamAsianet News Malayalam

മദ്യത്തിന് വില കൂടുമോ? വിതരണ കമ്പനികളിൽ നിന്ന് കൂടുതൽ വിഹിതം ഈടാക്കാൻ ബവ്കോ

കമ്പനികളില്‍ നിന്നും വെയർ ഹൗസിലെത്തുന്ന മദ്യം വില്‍പ്പനശാലകളിലൂടെ വില്‍ക്കുന്നതിനാണ് ക്യാഷ് ഡിസ്കൗണ്ട് എന്ന പേരില്‍ കമ്പനികളില്‍ നിന്നും, ബവ്കോ വിഹിതം ഈടാക്കുന്നത്. നിലവില്‍ വില്‍പ്പനയുടെ 21 ശതമാനം വരെ ബവ്കോക്ക്  ഈടാക്കാം. എന്നാൽ ജനപ്രിയ ബ്രാൻഡുകളിൽ നിന്ന് 7 ശതമാനം മാത്രമാണ് ഈടാക്കുന്നത്.

Liquor Cash Discount For Popular Distribution Companies Set To Be Hiked In Kerala
Author
Thiruvananthapuram, First Published Jan 9, 2022, 12:33 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ വില്‍പ്പനയുള്ള മദ്യവിതരണ കമ്പനികളില്‍ നിന്നും സ്ലാബ് അടിസ്ഥാനത്തില്‍, കൂടുതല്‍ വിഹിതം ഈടാക്കാന്‍ ബിവറേജസ് കോർപ്പറേഷൻ ഒരുങ്ങുന്നു. ഇതടക്കമുള്ള പരിഷ്കാര നടപടികള്‍ ഉള്‍പ്പെടുത്തിയ പര്‍ച്ചേസ് കരാറിന് ബവ്കോ ടെണ്ടര്‍ ക്ഷണിച്ചു. ബിവറേജസ് കോർപ്പറേഷന്‍റെ ഈ നീക്കം മദ്യത്തിന്‍റെ  വില വര്‍ദ്ധനയ്ക്ക് വഴിവക്കുമെന്നും, വില കുറഞ്ഞ മദ്യം കിട്ടാതാകുമെന്നും വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ കുത്തകകളുടെ ചൂഷണം അവസാനിപ്പിക്കാനും,  വരുമാന നഷ്ടം തടയാനുമാണ് പുതിയ പരിഷകാരമെന്ന് ബവ്കോ വിശദീകരിക്കുന്നു.

കമ്പനികളില്‍ നിന്നും വെയർ ഹൗസിലെത്തുന്ന മദ്യം വില്‍പ്പനശാലകളിലൂടെ വില്‍ക്കുന്നതിനാണ് ക്യാഷ് ഡിസ്കൗണ്ട് എന്ന പേരില്‍ കമ്പനികളില്‍ നിന്നും, ബവ്കോ വിഹിതം ഈടാക്കുന്നത്. നിലവില്‍ വില്‍പ്പനയുടെ 21 ശതമാനം വരെ ബവ്കോക്ക്  ഈടാക്കാം. എന്നാൽ ജനപ്രിയ ബ്രാൻഡുകളിൽ നിന്ന് 7 ശതമാനം മാത്രമാണ് ഈടാക്കുന്നത്. 

ഇത് വലിയ വരുമാന നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ,  ഏപ്രില്‍ 1 മുതല്‍  കാര്യമായ മാറ്റം വരുത്താനാണ് ബവ്കോ തയ്യാറെടുക്കുന്നത്. ഇതനുസരിച്ച് ബ്രാന്‍ഡി, റം, വിസ്കി, വോഡ്ക, ജിന്‍ എന്നിവയുടെ വില്‍പ്പനക്ക് പതിനായിരം കെയ്‍സ് വരെ കമ്പനികള്‍ പത്ത് ശതമാനം വിഹിതം ബവ്കോക്ക് നല്‍കണം.

പതിനായിരം കെയ്സിന് മുകളിൽ വിറ്റ് പോയാൽ 20 ശതമാനം വിഹിതം നല്‍കണം. ബിയറിന്‍റെ  വില്‍പ്പനക്ക് മൂന്ന് സ്ളാബുകളാണ് തയ്യറാക്കിയിരിക്കുന്നത്.പതിനായിരം കെയ്സ് വരെ 10 ശതമാനം, പതിനായിരത്തിന് മുകളില്‍ ഇരുപത് ശതമാനം, ഒരു ലക്ഷം കെയ്സിന് മുകളില്‍ 30 ശതമാനം വിഹിതം എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. 

വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ എക്സൈസ് ഡ്യൂട്ടി മദ്യവിതരണ കമ്പനികൾ തന്നെ മുന്‍കൂട്ടി അടക്കണം. ഇതിനു പുറമേ, കുപ്പികളില്‍ ഹോളോഗ്രാം പതിക്കുന്നതും കമ്പനികള്‍ നേരിട്ട് നടപ്പാക്കണം. ക്യാഷ് ഡിസ്കൗണ്ട് ഉള്‍പ്പെടെ അധിക ബാധ്യത മറികടക്കാന്‍ വില വര്‍ദ്ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന് കമ്പനികൾ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. ബിയറിന് ഇനി കുറഞ്ഞ വില 160 രൂപയെങ്കിലുമാകുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ബവ്കോ ചൂണ്ടിക്കാട്ടുന്നു. മദ്യവില്‍പ്പനയുടെ കുത്തക അടക്കിവച്ചിരിക്കുന്ന കമ്പനികളുടെ ചൂഷണം ഒഴിവാക്കാനുള്ള നടപടിയാണിതെന്നും, വില കുറഞ്ഞ പുതിയ ബ്രാന്‍ഡുകള്‍ രംഗത്ത് വരുമെന്നും ബവ്കോ വിശദീകരിക്കുന്നു. പരിഷ്കരണനടപടികൾ ചര്‍ച്ച ചെയ്യാന്‍ മദ്യവിതരണ കമ്പനികളുടെ യോഗം അടുത്തയാഴ്ച ചേരുമെന്നും ബവ്കോ അറിയിക്കുന്നു.

Follow Us:
Download App:
  • android
  • ios