ദില്ലി: കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക കൊറോണ സെസ് മദ്യത്തിന് ചുമത്തിയ സംസ്ഥാനങ്ങളിൽ വിൽപ്പന കുത്തനെ ഇടിഞ്ഞു. മെയ്, ജൂൺ മാസങ്ങളിലെ വിൽപ്പനയുടെ കണക്ക് പരിശോധിച്ച് വ്യാപാര സംഘടനയായ സിഐഎബിസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ദില്ലി, ആന്ധ്രപ്രദേശ്, ഒഡിഷ, ജമ്മു കശ്മീർ, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് 50 ശതമാനം സെസ് ഏർപ്പെടുത്തിയത്. ഇവിടങ്ങളിൽ മെയ് മാസത്തിൽ 66 ശതമാനവും ജൂണിൽ 51 ശതമാനവും മദ്യവിൽപ്പന ഇടിഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസിന്റേതാണ് റിപ്പോർട്ട്.

അരുണാചൽ പ്രദേശ്, മേഘാലയ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കേരളം, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ 15 മുതൽ 50 ശതമാനം വരെയാണ് സെസ് ചുമത്തിയത്. ഇവിടങ്ങളിൽ മദ്യവിൽപ്പന രണ്ട് മാസങ്ങളിലുമായി 34 ശതമാനം ഇടിഞ്ഞു. 15 ശതമാനം വരെ സെസ് ചുമത്തിയ സംസ്ഥാനങ്ങളിൽ രണ്ട് മാസങ്ങളിലുമായി മദ്യ വിൽപന 16 ശതമാനം മാത്രമാണ് കുറവ് വന്നിട്ടുള്ളത്.  

ഉത്തരാഖണ്ഡ്, യുപി, തെലങ്കാന, കർണാടക, ഛത്തീസ്‌ഗഡ്, ഹരിയാന, തമിഴ്‌നാട്, മഹാരാഷ്ട്ര, അസം, ഛണ്ഡീഗഡ്, മധ്യപ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലാണിത്. രാജ്യത്താകമാനം മദ്യവിൽപ്പന മെയ് മാസത്തിൽ 25 ശതമാനം ഇടിഞ്ഞു. ജൂണിൽ 15 ശതമാനമാണ് ഇടിവ്.