കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ മൂന്ന് മാസത്തേക്കാണ് വായ്പ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. 


തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്തുള്ള വായ്പ മൊറട്ടോറിയത്തിന്റെ കാലാവധി ഈ മാസം അവസാനിക്കും. വായ്പ തിരിച്ചടവിനെച്ചൊല്ലി ആശങ്ക ഏറുകയാണ്. കൊവിഡ് ഭീഷണി ഉടന്‍ അവസാനിക്കാത്ത സാഹചര്യത്തില്‍, സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി.

കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ മൂന്ന് മാസത്തേക്കാണ് വായ്പ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. മുടങ്ങിയ തവണകളും പലിശയും മുതലിനോട് ചേര്‍ക്കും. സെപ്റ്റംബര്‍ മുതല്‍ തിരിച്ചടവ് തുടങ്ങണം.

എന്നാല്‍ സ്ഥിരവരുമാനമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇത് വലിയവെല്ലുവിളിയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പലയിടത്തും ലോക്ഡൗണ്‍ നിലവിലുണ്ട്. വ്യാപര സ്ഥാപനങ്ങള്‍ ആഴ്ചകളോളം അടഞ്ഞുകിടക്കുന്ന സ്ഥിതിയുമുണ്ട്

മൊറട്ടോറിയകാലാവധി തീരുന്ന സാഹചര്യത്തില്‍ സഹായ പദ്ധതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വ്യാപാരി വ്യസായി ഏകോപന സമിതി കത്ത് നല്‍കി. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്ത വ്യാപാരികള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ വ്യാപര ലൈസന്‍സ് ജാമ്യത്തില്‍ ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കണം. സഹകരണ ബാങ്കുകളേയോ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളേയോ ഈ ചുമതല ഏല്‍പ്പിക്കണം. തിരച്ചടവ് ദിവസേനയാക്കണം, ഇതിനായി താത്ക്കാലിക ജീവനക്കാരെ നിയോഗിച്ചാല്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാം. സര്‍ക്കാര്‍ കെട്ടിടങ്ങലിലെ വാടക ഒഴിവാക്കി നല്‍കമെന്ന പ്രഖ്യാപനം നടപ്പിലാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.