മുംബൈ: ചൈനീസ് കമ്പനികളുടെ 5000 കോടിയുടെ നിക്ഷേപ പദ്ധതികള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ ഓണ്‍ലൈന്‍ മഹാരാഷ്ട്ര നിക്ഷേപ സംഗമം മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 ലാണ് പദ്ധതികള്‍ സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഥമിക കരാര്‍ ഏര്‍പ്പെട്ടത്. ഇതാണ് ഇപ്പോള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാറുമായി കൂടി ആലോചിച്ച ശേഷമാണ് ചൈനീസ് കമ്പനികളെ ഓഴിവാക്കാന്‍ തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി സുഭാഷ് ദേശായി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിക്കാന്‍ ഇടയാക്കിയ ചൈനീസ് പ്രകോപനത്തിന് മുന്‍പാണ് ആദ്യഘട്ട കരാര്‍ ഏര്‍പ്പെട്ടത്. ഇതില്‍ കൂടുതല്‍ നടപടി വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി മന്ത്രി വ്യക്തമാക്കി.

കൊവിഡിന് ശേഷം സംസ്ഥാനത്തെ സാമ്പത്തിക നിക്ഷേപ രംഗത്തിന് ഉണര്‍വ് നല്‍കാനാണ് മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇതില്‍ ഇന്ത്യയിലെ ചൈനീസ് സര്‍ക്കാര്‍ അംബാസിഡര്‍ സണ്‍ വെയ്ഡോങിന്‍റെ സാന്നിധ്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാറും ചൈനീസ് കമ്പനികളും 5000 കോടിയുടെ വിവിധ നിക്ഷേപ പദ്ധതികളുടെ എംഒയു ഒപ്പിട്ടത്.

ഇത് പ്രകാരം ചൈനീസ് കമ്പനിയായ ഗ്രേറ്റ് വാള്‍ മോട്ടോര്‍സ് തങ്ങളുടെ വാഹനനിര്‍മ്മാണ യൂണിറ്റ് 3,770 കോടി ചിലവില്‍ പൂനെയില്‍ സ്ഥാപിക്കാന്‍ കരാറായിരുന്നു. ഇതിന് പുറമേ പിഎംഐ ഇലക്ട്രോണിക്സ് 1000 കോടി നിര്‍മ്മാണ യൂണിറ്റും, ഹെഗ്ലി എഞ്ചിനീയറിംഗ് 250 കോടി നിക്ഷേപവും നടത്താം എന്ന് എംഒയു ഒപ്പിട്ടു. 3000ത്തോളം പേര്‍ക്ക് ജോലിയായിരുന്നു ഈ പദ്ധതികളിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടത്.

ചൈനീസ് കമ്പനികളുമായുള്ള കരാറിന് പുറമേ ദക്ഷിണ കൊറിയ, യുഎസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും ഏതാണ്ട് 12 ഓളം കരാറുകള്‍ മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 ഓണ്‍ലൈന്‍ നിക്ഷേപ സംഗമത്തില്‍ ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് ഒന്‍പത്  എംഒയുകള്‍ ഒപ്പുവയ്ക്കുന്നതിനായി പരിഗണനയിലാണെന്നും മഹാരാഷ്ട്ര വ്യവസായ വകുപ്പ് അറിയിക്കുന്നു. ഇതില്‍ ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ നിര്‍ദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ചൈനയ്ക്കെതിരെ ശക്തമായ പ്രതികരണമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേ എടുത്തത്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, പക്ഷെ അത് ഇന്ത്യയുടെ ബലഹീനതയായി കാണരുത്, ചൈനയുടെ സ്വഭാവം തന്നെ ചതിയാണ്, എന്നാല്‍ ഇന്ത്യയും ശക്തമാണ് - ഉദ്ദവ് താക്കറേ സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞു.