ദില്ലി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സ്വന്തം നാട്ടിലേക്ക് തിരികെ പോയ അതിഥി തൊഴിലാളികൾ നഗരങ്ങളിലേക്ക് തിരിച്ച് പോകാൻ ആഗ്രഹിക്കുന്നതായി സർവേ ഫലം. 4,835 വീടുകളിൽ നടത്തിയ സർവേയിലാണ് മൂന്നിൽ രണ്ട് ഭാഗവും ഒന്നുകിൽ നഗരത്തിലേക്ക് തിരിച്ചെത്തിയെന്നോ അല്ലെങ്കിൽ തിരികെ പോകാൻ ആഗ്രഹിക്കുന്നുവെന്നോ കണ്ടെത്തിയിരിക്കുന്നത്.

അഗ ഖാൻ റൂറൽ സപ്പോർട്ട് പ്രോഗ്രാം (ഇന്ത്യ), ആക്ഷൻ ഫോർ സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം, ഗ്രാമീൺ സഹാറ, ഐ-സാക്ഷം, പ്രധാൻ, സാതി-യുപി, തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളുമാണ് സർവേ നടത്തിയത്. 11 സംസ്ഥാനങ്ങളിലെ 48 ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. ജൂൺ 24 മുതൽ ജൂലൈ എട്ട് വരെയാണ് ഇത് നടത്തിയത്. സ്ഥാപനങ്ങളുടെ സർവേ റിപ്പോർട്ട് പുറത്തുവിട്ടത് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ്. 

സ്വന്തം വീട്ടിലേക്ക് മടങ്ങിയവരിൽ 29 ശതമാനം പേരും തിരികെ നഗരത്തിലെത്തി. 45 ശതമാനം പേർ തിരികെ പോകാൻ ആഗ്രഹിക്കുന്നുവെന്നുമാണ് സർവേ ഫലം. സ്വന്തം നാട്ടിലേക്ക് തിരികെ എത്തിയ പലർക്കും തങ്ങളുടെ ശേഷിക്കനുസരിച്ചുള്ള ജോലി ലഭിച്ചിട്ടില്ല. 

25 ശതമാനത്തോളം കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ സ്കൂളിൽ അയക്കേണ്ടെന്ന ആലോചനയിലാണ്. 43 ശതമാനം കുടുംബങ്ങളിൽ ഇപ്പോഴും ഭക്ഷണം കുറച്ചിരിക്കുകയാണ്. 55 ശതമാനം പേർ വിഭവങ്ങളും കുറച്ചെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു.