ദില്ലി: പാം ഓയില്‍ ഇറക്കുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണം താല്‍ക്കാലികം മാത്രമെന്ന് മലേഷ്യ. ഇന്ത്യയുമായുളള പ്രശ്നങ്ങള്‍ സൗഹൃദപരമായി പരിഹരിക്കപ്പെടുമെന്നും മലേഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 

ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി നിരോധനം മലേഷ്യയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മലേഷ്യന്‍ സമ്പദ്‍വ്യവസ്ഥയില്‍ ഇന്ത്യന്‍ നിലപാട് വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ മാസമാണ് ഇന്ത്യ മലേഷ്യയില്‍ നിന്ന് പാം ഓയില്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മലേഷ്യയില്‍ നിന്ന് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഇന്ത്യ ഇറക്കുമതിക്കാര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കശ്മീര്‍, സിഎഎ തുടങ്ങിയ വിഷയങ്ങളില്‍ മലേഷ്യന്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളാണ് ഇന്ത്യ ഇറക്കുമതി നിരോധനത്തിലേക്ക് പോകാന്‍ കാരണം. എന്നാല്‍, ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇന്ത്യ തയ്യാറായിട്ടില്ല.