Asianet News MalayalamAsianet News Malayalam

മുണ്ട് മുറുക്കി സർക്കാർ; വൻ സാമ്പത്തിക നിയന്ത്രണത്തിന് തീരുമാനം - വിശദാംശങ്ങൾ

വരുന്ന ഒരു വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവ അനുവദിക്കുന്നതല്ല.

massive expense control measures by kerala government on the wake of covid crisis
Author
Thiruvananthapuram, First Published Sep 16, 2020, 7:54 PM IST

തിരുവനന്തപുരം: വരുന്ന ഒരു വർഷക്കാലത്തേക്ക് വമ്പൻ ചെലവുചുരുക്കൽ പരിപാടികളുമായി സംസ്ഥാനസർക്കാർ. കൊവിഡ് കാലത്ത് സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പരമാവധി ചെലവുചുരുക്കാനുള്ള നടപടികൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ശമ്പളം പിടിക്കുന്നത് ആറ് മാസത്തേക്ക് നീട്ടുകയും തസ്തികകൾ ചുരുക്കുകയും ചെയ്യുന്നത് മുതൽ, ശൂന്യവേതന അവധിയുടെ കാലാവധി വെട്ടിച്ചുരുക്കുന്നതും പുതുതായി ഒരു വകുപ്പിലേക്കും സാധനങ്ങൾ വാങ്ങുന്നില്ല എന്നതുവരെയും 25- ഇന തീരുമാനങ്ങളാണ് പുതുതായി നടപ്പാക്കുക. 

സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ദ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, ആസൂത്രണ ബോര്‍ഡംഗം പ്രൊഫ. ആര്‍.രാമകുമാര്‍, കോഴിക്കോട് സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായുള്ള സമിതിയുമാണ് പഠനവും അവലോകനവും നടത്തിയത്. ഈ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനങ്ങള്‍ എടുത്തത്.

തീരുമാനങ്ങൾ വിശദമായി വായിക്കാം:

1. 2020 ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കും.  ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1-നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.

2. ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. എന്നാല്‍, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം' എന്ന് പേര് നല്‍കും. അന്തിമ തീരുമാനം  സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും.

3. പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും.

4. ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ മാത്രമേ പിഎഫില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കൂ.

5. 20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കും. 5 വര്‍ഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ കല്‍പ്പിത രാജി ആയി പരിഗണിക്കും. നിലവില്‍ അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തില്‍ ഇത് ബാധകമല്ല. ഇപ്പോള്‍ പരിഗണനയിലിരിക്കുന്ന 5 വര്‍ഷത്തിന് ശേഷമുള്ള അവധി അപേക്ഷകള്‍ ദീര്‍ഘിപ്പിച്ച് നല്‍കുന്ന കാര്യം പരിഗണിക്കുമ്പോള്‍ കരാര്‍ വ്യവസ്ഥ നിലനില്‍ക്കുന്ന കേസുകളില്‍ അക്കാര്യവും പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

6. ഒരു ഉദ്യോഗസ്ഥന്‍ 90 ദിവസം അവധിയെടുത്താല്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നല്‍കി കൃത്യനിര്‍വ്വഹണം നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.

7. അധ്യാപന സമയം ആഴ്ചയില്‍ കുറഞ്ഞത് പതിനാറു മണിക്കൂര്‍ ഉണ്ടാകണം എന്ന മാനദണ്ഡത്തിലായിരിക്കും കോളേജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് 01-06-2020 പ്രാബല്യത്തില്‍ അനുമതി നല്‍കുക. ഇതിനാവശ്യമായ നിയമ- ചട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം ഭേദഗതി ചെയ്യും. 31-05-2020 വരെ നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവിലൂടെ സര്‍ക്കാര്‍ പ്രതിനിധി കൂടി പങ്കെടുത്ത സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച നിയമനങ്ങള്‍, പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയ തസ്തികകള്‍ എന്നിവ അംഗീകരിക്കും.

8. ഒരു കുട്ടിയുടെ എണ്ണം കൂടിയാല്‍ ഒരു അധിക തസ്തിക സൃഷ്ടിക്കുവാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ നിന്ന്  ഒഴിവാക്കും. സ്കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സര്‍ക്കാരിനായിരിക്കും. എയിഡഡ് സ്കൂളുകളില്‍ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കായിരിക്കും മുന്‍ഗണന. ഇതിനാവശ്യമായ നിയമ-ചട്ട ഭേദഗതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തുകയും അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

9. കേന്ദ്രാവിഷ്കൃത പദ്ധതികളുള്‍പ്പെടെ പല പദ്ധതികളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും പദ്ധതികള്‍ക്കായി നിയമിച്ച ജീവനക്കാര്‍ തുടരുന്നുണ്ട്. പ്രസ്തുത ജീവനക്കാരുടെ വിവരങ്ങള്‍ കണ്ടെത്തി അധിക ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്കു വിന്യസിക്കും.  ഇതു സംബന്ധിച്ച തുടര്‍ നടപടികളടങ്ങിയ കരട് കുറിപ്പുകള്‍ അവയുടെ നിര്‍വ്വഹണ കലണ്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കും.

10. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇ-ഓഫീസ് സോഫ്റ്റ് വെയര്‍, കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചുവരുന്ന ഓഫീസുകളില്‍ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകള്‍ മറ്റു തസ്തികകളിലേക്ക് പുനര്‍വിന്യാസം ചെയ്യും. ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റും. ഇതിനായി ഭരണ പരിഷ്കാര വകുപ്പ് ഐടി വകുപ്പുമായി ചേര്‍ന്ന് നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടുന്ന കരട് നടപടിക്കുറിപ്പ് തയ്യാറാക്കും.

11. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകള്‍, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വിവിധ സാങ്കേതിക വകുപ്പുകളിലും സ്ഥാപനങ്ങളിലും കംപ്യൂട്ടര്‍ പോലുള്ള സാങ്കേതിക സൗകര്യങ്ങള്‍ കൂടുതല്‍ ഉപയോഗിച്ച് വരുന്നതിനാല്‍ ഇപ്പോള്‍ ക്ലറിക്കല്‍ സ്റ്റാഫ് തയാറാക്കി വരുന്ന ബില്ലുകളും റിപ്പോര്‍ട്ടുകളും എസ്റ്റിമേറ്റുകളും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇപ്പോഴുള്ള ജീവനക്കാര്‍ക്ക് തന്നെ ചെയ്യാവുന്നതാണ്. ഇങ്ങനെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ തന്നെ ഇരട്ടിപ്പായി ചെയ്തുവരുന്ന ടൈപ്പിസ്റ്റ് തുടങ്ങിയ ക്ലറിക്കല്‍ സ്റ്റാഫിന്‍റെ എണ്ണം കണ്ടെത്തി മറ്റു വകുപ്പുകളിലേക്കോ സ്ഥാപങ്ങളിലേക്കോ ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിയോഗിക്കണം. ഇതിനായി ഭരണ പരിഷ്കാര വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ചു നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടുന്ന കരട് നടപടിക്കുറിപ്പ് തയ്യാറാക്കണം.

12. ക്ഷേമനിധികള്‍, കമ്മീഷനുകള്‍, അതോറിറ്റികള്‍, സൊസൈറ്റി കളായി രൂപീകരിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങള്‍ തുടങ്ങി ഒരേ മേഖലയില്‍ പൊതുവായി ഒരേ തരത്തിലുള്ള വികസന സേവന ഉദ്ദേശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ സാങ്കേതികമായി പുനഃസംഘടിപ്പിച്ച് ഭരണ-സേവന പ്രവര്‍ത്തനങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കി കഴിയുന്നത്ര ഒറ്റ ഭരണ സംവിധാനങ്ങളാക്കി മാറ്റും. ഇക്കാര്യത്തില്‍ നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടുന്ന കരട് കുറിപ്പുകള്‍ ആസൂത്രണ വകുപ്പും ഭരണ പരിഷ്കരണ വകുപ്പും കൂടിയാലോചിച്ചു ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കും.

13. സ്റ്റാറ്റ്യൂട്ടറി അല്ലാത്ത വിവിധ ജുഡീഷ്യല്‍ കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിന് ഒരു ഏകോപിത ഓഫീസ് സംവിധാനം മതിയാകും. ഇതു സാധ്യമാക്കുന്നതിനുള്ള കരട് നടപടികള്‍ അവയുടെ നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടെ ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കാന്‍ ആഭ്യന്തര, നിയമ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും.  

14. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും സ്വന്തമായിട്ടുള്ളതും വാടകക്ക് ഉപയോഗി ക്കുന്നതുമായ വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ധനകാര്യ വകുപ്പിന്‍റെ വെബ് സൈറ്റില്‍ ലഭ്യമായ 'വീല്‍സ്' എന്ന വെബ് അധിഷ്ഠിത വെഹിക്കിള്‍ മാനേജ്മെന്‍റ് സിസ്റ്റത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. അതിന്‍റെ അടിസ്ഥാനത്തിലേ ഇനിമുതല്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ വാങ്ങല്‍, പരിപാലനം, വില്പന, അവക്കാവശ്യമായ ജീവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കല്‍ എന്നിവ നടത്തുവാന്‍ പാടുള്ളു.

15. ഓരോ സര്‍ക്കാര്‍ ഓഫീസിലെയും സ്ഥാപനങ്ങളിലെയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന മാസങ്ങളിലെ പദ്ധതി, പദ്ധതിയേതര ചെലവ് എന്നിവ അവയുടെ പ്രതീക്ഷിത ലക്ഷ്യത്തിനായുള്ള വിനിയോഗക്ഷമതയുടെ അടിസ്ഥാനത്തില്‍ ചുരുക്കുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ധനവകുപ്പ് പ്രസിദ്ധീകരിക്കുന്ന നിശ്ചിത ഫോറത്തില്‍ ഓണ്‍ലൈനായി അവരുടെ സ്ഥാപന മേധാവികള്‍ക്കു സമര്‍പ്പിക്കണം. വകുപ്പ് മേധാവികള്‍ ഇവ പരിശോധിച്ച് ശ്രദ്ധേയവും പ്രായോഗികവുമായ പദ്ധതി നിര്‍ദേശങ്ങള്‍ സംസ്ഥാന ആസൂത്രണ ബോഡ് മുഖേനയും അല്ലാതുള്ളവ ധനവകുപ്പിന് നേരിട്ടും സമര്‍പ്പിക്കേണ്ടതാണ്. അവയില്‍ നടപ്പാക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു സംസ്ഥാന തലത്തില്‍ പ്രത്യേക പാരിതോഷികം ധനവകുപ്പ് നല്‍കും.

16. വരുന്ന ഒരു വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവ അനുവദിക്കുന്നതല്ല.

17. ഔദ്യോഗിക ചര്‍ച്ചകള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍, ശില്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓണ്‍ലൈനായി നടത്തണം.

18. ഔദ്യോഗിക യാത്രാചെലവുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു പണം നല്‍കുന്നതിനും ഒരു ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം സ്പാര്‍ക്കിന്‍റെ ഭാഗമായി ധനകാര്യ വകുപ്പ് രണ്ടു മാസത്തിനകം ഏര്‍പ്പെടുത്തും.

19. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും സൂക്ഷിക്കേണ്ട തില്ലെന്നും പുനരുപയോഗിക്കാന്‍ കഴിയില്ലെന്നും ഉറപ്പു വരുത്തിയിട്ടുള്ള സാധനങ്ങള്‍ വരുന്ന മൂന്നു മാസത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെ ലേലം ചെയ്തു വില്‍ക്കുന്നതിനുള്ള നടപടികള്‍ സ്റ്റോര്‍ പെര്‍ച്ചസ് വകുപ്പ് കൈക്കൊള്ളണം.

20. ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിട സൗകര്യങ്ങളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന സ്ഥലം എത്രത്തോളം ഉണ്ടെന്നു കണ്ടെത്തി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയെ അവിടേക്കു മാറ്റുന്നതിനും കൂടുതല്‍ സ്ഥലം അവശ്യമുള്ളവര്‍ക്കു നല്‍കുന്നതിനും വെബിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്തി രണ്ടു മാസത്തിനുള്ളില്‍ പൊതുമരാമത്തു വകുപ്പ് നിര്‍വഹണ നിര്‍ദേശങ്ങള്‍ തയാറാക്കേണ്ടതാണ്.

21. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക അടിയന്തിരമായി പിരിച്ചെടുക്കാന്‍ മിഷന്‍ മോഡില്‍ ടാസ്ക്ഫോഴ്സ് രൂപീകരിക്കും.  ഭൂമിയുടെ കമ്പോളവില അനുസരിച്ച് പാട്ടത്തുക കണക്കാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായിട്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും.

22. ഈ നടപടികള്‍ക്കൊപ്പം ഇപ്പോള്‍ നിലവിലുള്ള മറ്റെല്ലാ ചെലവു ചുരുക്കല്‍ നടപടികളും തുടരും.

23. എല്ലാ ചെലവു ചുരുക്കല്‍ തീരുമാനങ്ങളും എല്ലാ വകുപ്പിലും അവയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഓണ്‍ലൈനായി റിപ്പോര്‍ട്ട് നല്‍കുന്നതിനും ഓരോ വകുപ്പിലും കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും സേവന പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അവരുടെ മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ വിലാസം എന്നീ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ധനകാര്യ (വ്യയ) സെക്രട്ടറിക്കു ഇ-മെയിലായി രണ്ടാഴ്ചയ്ക്കകം അറിയിക്കണം.  

24. വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പ്രവൃത്തിയുടെയും സപ്ലയറുടെയും  ബില്ലുകള്‍  നവംബര്‍ 1 മുതല്‍ ബില്‍ ഡിസ്കൗണ്ടിങ് സംവിധാനത്തിലേക്ക് മാറ്റും.

25. അധിക വായ്പക്കുള്ള നിബന്ധനകള്‍ എത്രയും പെട്ടെന്ന് പാലിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കും.

Follow Us:
Download App:
  • android
  • ios