മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് അമിതവേഗതയിലെത്തിയ കണ്ടെയ്നർ ലോറി ഇടിച്ചുകയറി 11 മരണം
മഹാരാഷ്ട്ര: മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് അമിതവേഗതയിലെത്തിയ കണ്ടെയ്നർ ലോറി ഇടിച്ചുകയറി 11 മരണം. ഇന്ന് പുലർച്ചെ നാല് മണിയോടെ പാൽഗർ ജില്ലയിലെ കാസ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ധാനിവരിയിലാണ് ദാരുണമായ അപകടം നടന്നത്. അപകടം നടക്കുമ്പോൾ നാൽപ്പതിലധികം ആളുകൾ വാഹനത്തില്‍ ഉണ്ടായിരുന്നു. പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗുജറാത്ത് ഭാഗത്തുനിന്നും മുംബൈയിലേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറി വിവാഹസംഘത്തിന്‍റെ ട്രക്കിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ട്രക്ക് പൂർണ്ണമായും തകരുകയും യാത്രികർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളും പൊലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് ആളുകളെ പുറത്തെടുത്തത്. അപകടത്തിൽ ഏകദേശം 25-ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ കാസ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെത്തുടർന്ന് മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കാസ പൊലീസ് സംഭവസ്ഥലത്ത് ഇൻസ്പെക്ഷൻ പൂർത്തിയാക്കി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



