ദില്ലി: ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ റെക്കോഡ് വില്‍പന വര്‍ധന. സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 50 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വിറ്റത്. ഇതിന്റെ 76 ശതമാനവും ചൈനീസ് കമ്പനികളുടേതായിരുന്നുവെന്നും ഗവേഷണ സ്ഥാപനമായ കനലിസ് പറയുന്നു.

ഷവോമി, സാംസങ്, വിവോ, റിയല്‍മി, ഒപ്പൊ എന്നീ കമ്പനികളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഇവരുടെയെല്ലാം വില്‍പ്പന കുത്തനെ ഉയര്‍ന്നു. എട്ട് ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക പാദത്തില്‍ ഉണ്ടായത്. ഇതേ പാദവാര്‍ഷിക കാലത്ത് പോയ വര്‍ഷം 46.2 ദശലക്ഷം ഫോണുകളാണ് വിറ്റത്. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില്‍പ്പനയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

ചൈനീസ് കമ്പനിയായ ഷവോമി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 26.1 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് കമ്പനിക്കുള്ളത്. 13.1 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് ഇവര്‍ വിറ്റത്. സാംസങ് 10.2 ദശലക്ഷം യൂണിറ്റുകള്‍ വിറ്റ് 20.4 ശതമാനം മാര്‍ക്കറ്റ് ഷെയറോടെ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള വിവോയുടെ മാര്‍ക്കറ്റ് ഷെയര്‍ 17.6 ശതമാനവും വില്‍പ്പന 8.8 ദശലക്ഷവുമാണ്. റിയല്‍മിയുടെ മാര്‍ക്കറ്റ് ഷെയര്‍ 17.4 ശതമാനവും വില്‍പ്പന 8.7 ദശലക്ഷവുമാണ്. ഒപ്പൊയുടെ മാര്‍ക്കറ്റ് ഷെയര്‍ 12.1 ശതമാനവും വില്‍പ്പന 6.1 ദശലക്ഷവുമാണ്. മൂന്നാം പാദത്തില്‍ ഇരട്ട അക്ക വില്‍പ്പന വളര്‍ച്ചയോടെ ആപ്പിള്‍ കമ്പനിയും നേട്ടമുണ്ടാക്കി. എട്ട് ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റത്.

ചൈനീസ് കമ്പനികളുടെ സംയോജിത വില്‍പ്പന 76 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 74 ശതമാനമായിരുന്നു. ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ ചൈനീസ് കമ്പനികളുടെ സംയോജിത വില്‍പ്പന 80 ശതമാനമായിരുന്നു.