ദില്ലി: മൊത്ത ആഭ്യന്തര ഉൽപ്പാദനം അഞ്ച് ട്രില്യൺ ഡോളറാക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം 2025 -ൽ ലക്ഷ്യം കാണില്ലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ സി രംഗരാജന്‍. 2025 -ൽ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ വലിപ്പമുള്ള ജിഡിപി ആകുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമതും അധികാരമേറ്റ ഉടനാണ് മോദി സർക്കാർ തങ്ങൾ ഇന്ത്യയെ അഞ്ച് ട്രില്യൺ ജിഡിപിയുള്ള രാജ്യമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് പിന്നാലെ രാജ്യത്തെ സാമ്പത്തിക വളർച്ച താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. 2016 ൽ 8.2 ശതമാനം വളർച്ചയുണ്ടായിരുന്ന സമ്പദ് വ്യവസ്ഥ 2019 ൽ 6.8 ലേക്ക് താഴ്ന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലാണ് ആദ്യപാദ വളർച്ചാ നിരക്കുള്ളത്. രണ്ടാം പാദത്തിലെ സാമ്പത്തിക വളർച്ചാ നിരക്ക് നവംബർ 29 ന് വരുമെന്നിരിക്കെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് 4.2 ശതമാനം വളർച്ചയാണ്.

"നമ്മുടെ സമ്പദ് വ്യവസ്ഥ ഇന്ന് 2.7 ട്രില്യൺ ജിഡിപിയുടേതാണ്. അഞ്ച് വർഷം കൊണ്ട് അത് ഇരട്ടിയാക്കുമെന്നാണ് നമ്മൾ പറയുന്നത്. അതിന് ഒൻപത് ശതമാനത്തിലേറെ വളർച്ചാ നിരക്ക് വേണം. 2025 ഓടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ ജിഡിപിയുള്ള രാജ്യമാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല," സി രംഗരാജൻ പറഞ്ഞു.

"രണ്ടു വർഷങ്ങൾ നഷ്ടപ്പെട്ടു. ഈ വർഷം വളർച്ചാ നിരക്ക് ആറ് ശതമാനമായിരിക്കും എന്നും അടുത്ത വർഷം ഏഴ് ശതമാനമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. അതിന് ശേഷം സമ്പദ് വ്യവസ്ഥ നില മെച്ചപ്പെടുത്തിയേക്കാം. ജിഡിപി അഞ്ച് ട്രില്യൺ ആയാൽ തന്നെ നമ്മുടെ രാജ്യത്തെ പ്രതിശീർഷ വരുമാനം ഇപ്പോഴത്തെ 1800 ഡോളറിൽ നിന്ന് 3600 ഡോളറായി മാത്രമേ വളരൂ. ഇന്ത്യ അപ്പോഴും താഴ്ന്ന- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലായിരിക്കും."

"വികസിത രാജ്യമാകണമെങ്കിൽ പ്രതിശീർഷ വരുമാനം 12000 ഡോളറാകണം. ഒൻപത് ശതമാനം വളർച്ചാ നിരക്കിൽ 22 വർഷമെങ്കിലും ഇല്ലാതെ നമുക്ക് ആ ലക്ഷ്യത്തിലെത്താനാവില്ല," എന്നും രംഗരാജൻ പറഞ്ഞു. കോയമ്പത്തൂരിൽ ഐബിഎസ് - ഐസിഎഫ്എഐ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക ഉപദേശകസമിതിയുടെ ചെയർമാനായിരുന്നു രംഗരാജൻ. യുപിഎ സർക്കാരിന് ഭരണം നഷ്ടപ്പെട്ടപ്പോൾ രംഗരാജനും ഉപദേശകസമിതി ചെയർമാൻ സ്ഥാനം രാജിവെച്ചു.