ദില്ലി: കർഷക നിയമത്തിൽ രാജ്യത്തെ കർഷകരിൽ നല്ലൊരു വിഭാഗവും രോഷാകുലരായിരിക്കെ, തണുപ്പിക്കാനുള്ള കഠിനാധ്വാനത്തിലാണ് കേന്ദ്രസർക്കാർ. അതിന്റെ ഗുണഫലം ലഭിക്കുന്നതും കർഷകർക്ക് തന്നെ. പുതിയ കർഷക നിയമങ്ങളിലൂടെ താങ്ങുവിലയ്ക്ക് വിളകൾ സംഭരിക്കാനാവില്ലെന്ന പ്രതിപക്ഷ ആരോപണം മറികടക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.

എഫ്സിഐയുടെയും വിള സംഭരണ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെയും സഹായത്തോടെ തിങ്കളാഴ്ച വരെ 98.19 ലക്ഷം ടൺ നെല്ലാണ് കേന്ദ്രസർക്കാർ സംഭരിച്ചിരിക്കുന്നത്, അതും താങ്ങുവിലയ്ക്ക്. അതിന് വേണ്ടി ആകെ ചെലവഴിച്ചതാകട്ടെ 18.540 കോടി രൂപയും. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഛണ്ഡീഗഡ്, ജമ്മു കശ്മീർ, കേരളം എന്നിവിടങ്ങളിൽ നിന്നാണ് നെല്ല് സംഭരിച്ചിരിക്കുന്നത്.

ഒക്ടോബർ 19 വരെയുള്ള കണക്കാണിത്. 8.54 ലക്ഷം കർഷകരിൽ നിന്നാണ് നെല്ല് സംഭരിച്ചത്. മുൻവർഷം ഇതേ കാലയളവിൽ 80.20 ലക്ഷം ടണ്ണാണ് സംഭരിച്ചിരുന്നത്. ഇക്കുറി ഇതിൽ 22.43 ശതമാനം വർധനവാണ് സംഭരണത്തിൽ ഉണ്ടായത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, ഒഡിഷ, രാജസ്ഥാൻ ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് 42.46 ലക്ഷം ടൺ പയറുവർഗങ്ങളും ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്ന് 1.23 ലക്ഷം ടൺ കൊപ്രയും സംഭരിക്കാൻ കേന്ദ്രം അനുവാദം നൽകിയിട്ടുണ്ട്.