Asianet News MalayalamAsianet News Malayalam

592 കോടി ചെലവ്; ബ്രിട്ടീഷ് കണ്‍ട്രി ക്ലബ്ബായ സ്റ്റോക്ക് പാര്‍ക്ക് വാങ്ങി മുകേഷ് അംബാനി

ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ സ്വന്തമായിരുന്ന കണ്‍ട്രി ക്ലബ്ബാണ് സ്റ്റോക്ക് പാര്‍ക്ക്. 49 ലക്ഷ്വറി ബെഡ്റൂം സ്യൂട്ടുകളും 13 ടെന്നീസ് കോര്‍ട്ടുകളും 14 ഏക്കറിലായി സ്വകാര്യ ഗാര്‍ഡനും ഗോള്‍ഫ് കോഴ്സിന് പുറമേ സ്റ്റോക്ക് പാര്‍ക്കിനുണ്ട്. 900 വര്‍ഷത്തെ പഴക്കമാണ് സ്റ്റോക്ക് പാര്‍ക്കിനുള്ളത്. 

Mukesh Ambani buys British country club Stoke Park for  592 crore
Author
Buckinghamshire, First Published Apr 23, 2021, 1:07 PM IST

ലണ്ടന്‍: 592 കോടിയോളം രൂപ ചെലവിട്ട് ബ്രിട്ടനിലെ സുപ്രധാന കണ്‍ട്രി ക്ലബ്ബായ സ്റ്റോക്ക് പാര്‍ക്ക് വാങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസട്രീസ് ലിമിറ്റഡ്. ആഡംബര ഗോള്‍ഫ് കോഴ്സും റിസോര്‍ട്ടും അടക്കമുള്ള സംവിധാനത്തോട് കൂടിയതാണ് സ്റ്റോക്ക് പാര്‍ക്ക്. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ സ്വന്തമായിരുന്ന കണ്‍ട്രി ക്ലബ്ബാണ് സ്റ്റോക്ക് പാര്‍ക്ക്. വിവിധ മേഖലയിലേക്കുള്ള വികസനത്തിന്‍റെ ഭാഗമായി 3.3 ബില്യണ്‍ യുഎസ് ഡോളറിന്‍റെ നിക്ഷേപമാണ് റിലയന്‍സ് കഴിഞ്ഞ നാലുവര്‍ഷമായി പ്രഖ്യാപിച്ചത്.

റീട്ടെയില്‍ മേഖലയില്‍ 14 ശതമാനവും 80 ശതമാനം സാങ്കേതിക വിദ്യയിലും 6 ശതമാനം ഊര്‍ജ്ജോത്പാദന മേഖലയിലുമായാണ് ഇത്. യുകെയിലെ ബക്കിംഹാംഷെയറില്‍ ഹോട്ടലും ഗോള്‍ഫ് കോഴ്സുമടങ്ങുന്നതാണ് സ്റ്റോക്ക് പാര്‍ക്ക്. ബ്രിട്ടീഷ് സിനിമാ വ്യവസായത്തിലും പ്രമുഖ സ്ഥാനമുള്ള കമ്പനിയാണ് സ്റ്റോക്ക് പാര്‍ക്ക്. ഹോട്ടലുകള്‍,കോണ്‍ഫറന്‍സ് സൌകര്യങ്ങള്‍, വിനോദം, സ്പോര്‍ട്സ്, ഗോള്‍ഫ് കോഴ്സ് എന്നിവയില്‍ സ്റ്റോക്ക് പാര്‍ക്കിന് നിരവധി സ്ഥാപനങ്ങളുണ്ട്. കണ്‍സ്യൂമര്‍, ഹോസ്പിറ്റാലിറ്റി മേഖലയിലേക്കുള്ള വികസനം കൂടിയാണ് ഈ നീക്കത്തിലൂടെ റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ നടത്തുന്ന വലിയ രീതിയിലുള്ള റിലയന്‍സിന്‍റെ രണ്ടാമത്തെ  നിക്ഷേപമാണ് ഇത്.

2019ല്‍ ബ്രിട്ടനിലെ പ്രമുഖ കളിക്കോപ്പ് സ്ഥാപനമായ ഹാംലീസ് റിലയന്‍സ് വാങ്ങിയിരുന്നു. രണ്ട് ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ സ്റ്റോക്ക് പാര്‍ക്കില്‍ വച്ചാണ് ചിത്രീകരിച്ചത്. 49 ലക്ഷ്വറി ബെഡ്റൂം സ്യൂട്ടുകളും 13 ടെന്നീസ് കോര്‍ട്ടുകളും 14 ഏക്കറിലായി സ്വകാര്യ ഗാര്‍ഡനും ഗോള്‍ഫ് കോഴ്സിന് പുറമേ സ്റ്റോക്ക് പാര്‍ക്കിനുണ്ട്. 900 വര്‍ഷത്തെ പഴക്കമാണ് സ്റ്റോക്ക് പാര്‍ക്കിനുള്ളത്. 1908 വരെ ഇതൊരു സ്വകാര്യ വസതിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

Follow Us:
Download App:
  • android
  • ios