മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടപ്പെട്ടു. കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ കനത്ത നഷ്ടമാണ് മുകേഷ് അംബാനിക്ക് തിരിച്ചടിയായത്. ഒറ്റ ദിവസം 580 കോടി ഡോളറാണ്( 43,000 കോടി ഇന്ത്യന്‍ രൂപ) മുകേഷ് അംബാനിക്ക് നഷ്ടമായത്. ആഗോള ഓഹരി വിപണിയിലെ തകര്‍ച്ചയും എണ്ണവിലയിലെ ഇടിവും മുകേഷ് അംബാനിക്ക് തിരിച്ചടിയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരികള്‍ 12 ശതമാനമാണ് ഇടിഞ്ഞത്. ചൈനീസ് കോടീശ്വരനും ആലിബാബ ഉടമയുമായ ജാക്ക് മാ, മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ വലിയ കോടീശ്വരനായി. ജാക്ക് മായുടെ സമ്പാദ്യം 44.5 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. 

കൊറോണവൈറസ് ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന വിലയിരുത്തല്‍ വിപണിയില്‍ സജീവമാണ്. ഇറ്റലിയിലെ കനത്ത നടപടികള്‍ യൂറോപ്പിനെ ബാധിച്ചേക്കും. ഗള്‍ഫ് രാജ്യങ്ങളിലെ നിയന്ത്രണവും തിരിച്ചടിയാകും. ചൈനയിലും ഇന്ത്യയിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ആഗോള ഓഹരി വിപണിയിലും കൊറോണവൈറസ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. റഷ്യയും സൗദിയും എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചതാണ് വില കുറയാന്‍ കാരണം.