റിലയൻസ് അജിയോ ഫാഷൻ പോർട്ടലിന്റെ പിറവിക്ക് കാരണക്കാരിയായ ഇഷ അംബാനി റിലയൻസ് റീടെയ്ൽ തലപ്പത്തേക്ക് എത്തുന്നതിൽ വലിയ ലക്ഷ്യങ്ങളുണ്ട്
മുംബൈ : മൂത്ത മകനായ ആകാശ് അംബാനിക്ക് റിലയൻസ് ജിയോ, ഇരട്ട മക്കളിൽ അടുത്തയാളായ മകൾ ഇഷയ്ക്ക് റിലയൻസ് റീടെയ്ൽ. വളരെ ബുദ്ധിപരമായാണ് തലമുറകൈമാറ്റത്തിന് മുകേഷ് അംബാനി കരുക്കൾ നീക്കിയിരിക്കുന്നത്. അച്ഛന്റെ മരണത്തെ തുടർന്ന് തനിക്കും സഹോദരൻ അനിൽ അംബാനിക്കും ഇടയിലുണ്ടായ ബിസിനസ് തർക്കം തന്റെ മക്കൾക്ക് ഇടയിലുണ്ടാകരുതെന്ന നിർബന്ധ ബുദ്ധിയോടെയാണ് മുകേഷ് അംബാനി നീങ്ങുന്നത്. വളരെ കാലം മുൻപേ ആസൂത്രണം ചെയ്ത ഒന്ന് ഇപ്പോൾ, സമയമടുത്തപ്പോൾ നടപ്പിലാക്കുകയാണെന്ന് തോന്നാം
ഇഷ അംബാനിയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റിലയൻസിന്റെ ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി ആകാശ് അംബാനി നിയമിതനായതിന് തൊട്ടുപിന്നാലെയാണ് ഇരട്ട സഹോദരിയായ ഇഷയുടെ സ്ഥാനക്കയറ്റ വാർത്തകൾ എത്തുന്നത്. റിലയൻസ് റീട്ടെയിലും റിലയൻസ് ജിയോയും എണ്ണ വ്യാപാരം മുതൽ ടെലികോം വരെ നീളുന്ന റിലയൻസ് ഇന്റസ്ട്രീസെന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അംഗരാജ്യങ്ങളാണെന്ന് വിശേഷിപ്പിക്കാം. റിലയൻസിന്റെ എല്ലാ റീടെയ്ൽ കമ്പനികളുടെയും ഹോൾഡിങ് കമ്പനിയാണ് റിലയൻസ് റീടെയ്ൽ വെഞ്ച്വേർസ് ലിമിറ്റഡ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും മുകേഷ് അംബാനി ഇന്നലെ രാജി വെച്ചിരുന്നു.
ഇനി ഇഷയെ കുറിച്ച് അറിയാം
- പ്രായം 30 വയസ്
- യേൽ സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദം
- സ്റ്റാൻഫോർഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ
- അതിസമ്പന്നരായ ഇളംതലമുറ ബിസിനസുകാരിൽ 14 വർഷം മുൻപ് രണ്ടാമത്
- അമേരിക്കയിൽ മക്കിൻസി ആന്റ് കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്
- റിലയൻസ് അജിയോ ഫാഷൻ പോർട്ടലിന്റെ പിറവിക്ക് കാരണക്കാരി
- ജിയോയുടെ ബ്രാന്റിങിലടക്കം ഭാഗമായി
- 2018 ഡിസംബറിൽ രാജ്യത്തെ ബിസിനസ് പ്രമുഖനായ ആനന്ദ് പിരാമലിനെ വിവാഹം കഴിച്ചു
