ദില്ലി: റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 13 ലക്ഷം കോടി തൊട്ടതോടെ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ ധനികനായി. റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരിയിൽ പാതിയും അംബാനിയുടേതാണ്. ജിയോയിലേക്ക് ലോകത്തെ വൻകിട കമ്പനികൾ നിക്ഷേപവുമായി എത്തിയതോടെയാണ് അംബാനിക്ക് വൻ നേട്ടം സാധ്യമായത്.

ഫോർബ്സിന്റെ റിയൽ ടൈം പട്ടികയിൽ ആമസോൺ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. ബിൽ ഗേറ്റ്സ്, ബർണാർഡ് അർനോൾട്ട്, മാർക് സുക്കർബർഗ് എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. അംബാനി കഴിഞ്ഞാൽ എലോൺ മുസ്ക്, ലാറി എല്ലിസൺ, വാറൻ ബഫറ്റ് എന്നിവരാണ് ഉള്ളത്.

അമേരിക്കൻ ഡോളറിൽ അംബാനിയുടെ ആസ്തി 75.1 ബില്യൺ ഡോളറാണെന്ന് ഫോർബസ് പറയുന്നു. റിലയൻസ് ഇന്റസ്ട്രീസിന്റെ ഫുള്ളി പെയ്‌ഡ് അപ് ഓഹരി മൂല്യം 1.64 ശതമാനം ഉയർന്ന് 2004 രൂപയിലെത്തി.  പാർട്‌ലി പെയ്‌ഡ് അപ് ഷെയറിന്റെ മൂല്യം 1107 രൂപയാണ്. ഫുള്ളി പെയ്‌ഡ് ഓഹരികളുടെ മാർക്കറ്റ് വാല്യു 12.7 ലക്ഷം കോടിയും മറ്റുള്ളവയുടേത് 46765 കോടിയുമാണ്. ഇതോടെ ആകെ മാർക്കറ്റ് വാല്യു 13.17 ലക്ഷം കോടിയിലെത്തി.