മുംബൈ: ഒടിടി പ്ലാറ്റ്ഫോമുകളിലെ ആഗോള ഭീമൻ മാത്രമല്ല നെറ്റ്‌ഫ്ലിക്സ്, എന്റർടെയ്‌ൻമെന്റ് രംഗത്തെ ഒരു ജനപ്രിയ പ്ലാറ്റ്ഫോം കൂടിയാണ്. ഇന്ത്യയാകട്ടെ, ലോകത്തിലെ അതിവേഗം വളരുന്ന ഒടിടി വിപണിയും. നെറ്റ്ഫ്ലിക്സിനെ പോലൊരു ഭീമൻ കമ്പനിക്ക് ഇങ്ങിനെയൊരു സാഹചര്യത്തിൽ പരമാവധി അവസരം മുതലാക്കി വിപണി പിടിക്കാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ലല്ലോ. ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് പൂർണമായും സൗജന്യമായി തങ്ങളുടെ ഉള്ളടക്കം ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ് കമ്പനി.

ഇന്ത്യയിൽ സ്വാധീനം വളർച്ചാൻ ലക്ഷ്യമിട്ടാണ് കമ്പനി ഈ നീക്കം നടത്തുന്നത്. കൂടുതൽ സബ്സ്ക്രൈബേർസിനെ ലക്ഷ്യമിട്ടാണ് 48 മണിക്കൂർ നേരം ആപ്പിൽ സൗജന്യ ആസ്വാദനത്തിന് അവസരം ഒരുക്കുന്നത്. ഇന്ത്യാക്കാരായ ലക്ഷക്കണക്കിന് പേർ ഈ സമയത്ത് നെറ്റ്ഫ്ലിക്സിലേക്ക് വരുമെന്നും അതിൽ നല്ലൊരു ഭാഗം ഉപഭോക്താക്കളായി തുടരുമെന്നുമാണ് കമ്പനിയുടെ ചീഫ് പ്രൊഡക്ട് ഓഫീസറായ ഗ്രെഗ് പീറ്ററിന്റെ പ്രതീക്ഷ.

എന്നാണെന്നല്ലേ ഈ വമ്പൻ ഓഫർ നിങ്ങൾക്ക് മുന്നിലേക്കെത്തുന്നത്? അതിന് ഒരു മാസത്തിലേറെ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഡിസംബർ മൂന്ന് അവസാനിച്ച് ഡിസംബർ നാല് പിറക്കുന്ന അർദ്ധരാത്രിയിലാണ് ആപ്പ് സൗജന്യമാകുന്നത്. പിന്നീടുള്ള 48 മണിക്കൂർ ആസ്വാദകന് നെറ്റ്ഫ്ലിക്സിൽ ഉള്ള എന്തും എത്ര തവണ വേണമെങ്കിലും കാണാം. ആപ്പ് തുറക്കുമ്പോൾ സാധാരണ രീതിയിൽ കമ്പനി നിങ്ങളുടെ മണി കാർഡ് വിവരങ്ങൾ ചോദിക്കാറുണ്ടെങ്കിലും ഓഫർ സമയത്ത് അതുമുണ്ടാകില്ല.