നികുതി, നികുതി ഇതര വരുമാനം കൂട്ടി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന് ജനങ്ങൾ ഉത്സാഹം കാണിക്കണം. നികുതി വെട്ടിക്കുന്നവരെ നിലക്ക് നിര്‍ത്തും. വ്യാപാരികളെ സമ്മര്‍ദ്ദത്തിലാക്കാൻ മുതിരില്ലെന്നും ധനമന്ത്രി

തിരുവനന്തപുരം: ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനും സമഗ്രമായ പദ്ധതിയെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. കൊവിഡ് ഉണ്ടാക്കിയ അസാധാരണ സാഹചര്യവും പ്രതിസന്ധിയും കണക്കിലെടുത്ത് നികുതി നിർദ്ദേശങ്ങളൊന്നും ബജറ്റിൽ ഇല്ല. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അത്ര സുഖകരമല്ലെന്നും ധനമന്ത്രി പറഞ്ഞു വയ്ക്കുന്നു. 

കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കടം വാങ്ങിയായാലും നാടിനെ രക്ഷിക്കുക എന്നതാണ് സമീപനമെന്നും ഇത് തുടരുമെന്നുമാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. നികുതി, നികുതി ഇതര വരുമാനം കൂട്ടി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന് ജനങ്ങൾ ഉത്സാഹം കാണിക്കണം. നികുതി വെട്ടിക്കുന്നവരെ നിലക്ക് നിര്‍ത്തും. വ്യാപാരികളെ സമ്മര്‍ദ്ദത്തിലാക്കാൻ മുതിരില്ലെന്നും ധനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

എന്നാൽ നികുതി നിര്‍ദ്ദേശങ്ങളില്ല എന്ന തീരുമാനം താൽകാലികം മാത്രമാകുമെന്ന സൂചനയും ധനമന്ത്രി നൽകുന്നുണ്ട്. കൊവിഡ് പ്രതിസന്ധി മറികടന്നാൽ പുതിയ നികുതി നിർദ്ദേശങ്ങളെ കുറിച്ച് ആലോചിക്കും. ജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകു. സര്‍ക്കാരിന് കൊടുക്കേണ്ട നികുതി എല്ലാവരും കൊടുക്കാൻ തയ്യാറായാൽ തന്നെ പ്രതിസന്ധി തീരുമെന്നും ധനമന്ത്രി പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona