ഓയിൽ റിഫൈനറുകൾ ഏപ്രിലിൽ ശരാശരി 96.82 ശതമാനം നിരക്കിൽ പ്രവർത്തിച്ചിരുന്നു. മുൻ മാസം ഇത് 98.89 ശതമാനമായിരുന്നു.
ദില്ലി: കൊറോണ വൈറസ് കേസുകളിലെ വർധനയും ചലനാത്മകതയെയും ഇന്ധന ആവശ്യകതയെയും കുറഞ്ഞതിനാലും രാജ്യത്തെ ക്രൂഡ് ഓയിൽ സംസ്കരണം മുൻ മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ കുറഞ്ഞു. കഴിഞ്ഞ മാസം പ്രതിദിനം 4.9 ദശലക്ഷം ബാരൽ (ബിപിഡി) അല്ലെങ്കിൽ 19.89 ദശലക്ഷം ടൺ എണ്ണയാണ് റിഫൈനറുകൾ സംസ്കരിച്ചതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിലെ നിലവാരത്തേക്കാൾ 1.2 ശതമാനം കുറവാണെങ്കിലും മുൻ വർഷത്തേക്കാൾ 35 ശതമാനം ഉയർന്ന നിരക്കാണിത്. മെയ് മാസത്തിൽ ഇത് വീണ്ടും വലിയ തോതിൽ കുറയുമെന്നാണ് കണക്കാക്കുന്നത്.
“നിലവിൽ, കമ്പനികൾ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നില്ല, നിരവധി സംസ്ഥാനങ്ങളിൽ കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണിത്. പകുതി ശേഷിയിൽ പ്രവർത്തിക്കാനുളള അനുമതിയാണ് പലയിടത്തും നൽകിയിട്ടുളളത്,” ക്യാപിറ്റൽവിയ ഗ്ലോബൽ റിസർച്ചിലെ റിസർച്ച് ഹെഡ് ഗൗരവ് ഗാർഗ് പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്ത്യ രാജ്യത്ത്, കൊവിഡ് പകർച്ചവ്യാധി കേസുകളിലെ വർധനയെ തുടർന്ന് ഇന്ധന ആവശ്യകത ഗണ്യമായി കുറഞ്ഞു. വൈറസ് അണുബാധയുടെ രണ്ടാമത്തെ തരംഗം ജനങ്ങളുടെ ചലനം പരിമിതപ്പെടുത്തിയതും വ്യാവസായിക പ്രവർത്തനങ്ങളെ ബാധിച്ചതുമാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഓയിൽ റിഫൈനറുകൾ ഏപ്രിലിൽ ശരാശരി 96.82 ശതമാനം നിരക്കിൽ പ്രവർത്തിച്ചിരുന്നു. മുൻ മാസം ഇത് 98.89 ശതമാനമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പ് ക്രൂഡ് പ്രോസസ്സിംഗ് ശരാശരി 84 ശതമാനമായി കുറച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
