ദില്ലി: ഫെബ്രുവരി വരെയുളള 11 മാസത്തിനിടെ ഇന്ത്യന്‍ അസംസ്കൃത എണ്ണയുടെ ഉല്‍പാദത്തില്‍ ഇടിവ് നേരിട്ടു. ആഭ്യന്തര ഉല്‍പാദനത്തില്‍ നാല് ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. ഇതോടെ രാജ്യത്തിന്‍റെ ഇന്ധന ആവശ്യകത നിറവേറ്റാന്‍ ഇറക്കുമതി വര്‍ധിപ്പിക്കേണ്ടി വരും. ഇത് ഇന്ധന വില ഇനിയും ഉയരാന്‍ ഇടയാക്കിയേക്കും. 

തുടര്‍ച്ചയായ ഏഴാമത്തെ സാമ്പത്തിക വര്‍ഷമാണ് രാജ്യത്തെ ക്രൂഡ് ഓയില്‍ ഉല്‍പാദനത്തില്‍ ഇടിവ് നേരിട്ടത്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുളള കാലയളവില്‍ രാജ്യത്തിന്‍റെ എണ്ണ ആവശ്യകതയില്‍ 83.8 ശതമാനവും നിറവേറ്റിയത് ഇറക്കുമതിയിലൂടെയാണ്. ഇടിവ് തുടര്‍ന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇറക്കുമതിയില്‍ ഇനിയും വര്‍ദ്ധന ഉണ്ടായേക്കുമെന്ന ആശങ്കയും മേഖലയ്ക്കുണ്ട്.   

2012 -13 സാമ്പത്തിക വര്‍ഷം മുതലാണ് ആഭ്യന്തര എണ്ണ ഉല്‍പാദനത്തില്‍ ഇടിവ് ദൃശ്യമായിത്തുടങ്ങിയത്. 2022 ഓടെ രാജ്യത്തേക്കുളള എണ്ണ ഇറക്കുമതി 67 ശതമാനമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, വാര്‍ഷികാടിസ്ഥാനത്തില്‍ തുടരുന്ന ഇടിവ് ഈ ലക്ഷ്യത്തിലെത്തുന്നതില്‍ നിന്ന് ഇന്ത്യയെ തടയുകയാണിപ്പോള്‍.