Asianet News MalayalamAsianet News Malayalam

ഡീൽ തിരിച്ചടിച്ചു: പാക് യുവാവും പിസ ഹട്ടും തമ്മിൽ വാക്പോര്, മുട്ടുകുത്തി കമ്പനി; ട്വിറ്ററിൽ പൊട്ടിച്ചിരി

സോഷ്യൽ മീഡിയ സൊഹാദിനെ അനുകൂലിച്ച് രംഗത്തെത്തി. പിസ ഹട്ടിനെതിരെ കൂടുതൽ പേർ ബോയ്കോട് ട്വീറ്റുമായി എത്തിയതോടെ കമ്പനി മുട്ടുകുത്തി

Pakistani Guy Bargained With Pizza Hut To Get A Free Meal
Author
Delhi, First Published Oct 3, 2021, 8:53 PM IST

സമൂഹ മാധ്യമങ്ങളാണ് ഇന്ന് മിക്ക ബ്രാന്റുകളും തങ്ങളുടെ മാർക്കറ്റിങിനായി ഉപയോഗിക്കുന്നത്. അത്തരത്തിൽ ഒരു തന്ത്രം പിസ ഹട്ടിനിപ്പോൾ ചെറുതല്ലാത്ത തലവേദനയായിരിക്കുകയാണ്. മറുവശത്തുള്ള പാക് യുവാവും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ്. ഈ പോര് കണ്ടുനിൽക്കുന്ന ട്വിറ്റർ ഉപഭോക്താക്കളാകട്ടെ ചിരിച്ച് ഒരുവഴിക്കായി.

ഒരു എക്സ്ട്രാ ലാർജ് പിസ, ആറ് ഗാർലിക് ബ്രെഡ്, ഒരു കൊക്ക കോള എന്നിവ കിട്ടാൻ എത്ര ലൈക്ക് വേണമെന്നായിരുന്നു പാക് യുവാവ് സൊഹാദിന്റെ ചോദ്യം. പതിനായിരം എന്ന് മറുപടി കൊടുക്കുമ്പോൾ പിസ ഹട്ട് ഇതൊരു തലവേദനയായി മാറുമെന്ന് ഒരിക്കലും കരുതിക്കാണില്ല. 

സൊഹാദ് പിന്നീട് നടത്തിയ ട്വീറ്റ് 18000 ലൈക്ക് കടന്നു. തുടക്കത്തിൽ വാക്കുപാലിക്കാമെന്ന് പിസ ഹട്ട് വ്യക്തമാക്കിയെങ്കിലും സംഭവം കൈയ്യിൽ നിന്ന് പോയത് അതിവേഗമായിരുന്നു. ഫ്രീ മീൽ ഡെലിവർ ചെയ്യാൻ രണ്ടാഴ്ച സമയം വേണമെന്നതും എക്സ്ട്രാ ലാർജ് പിസയില്ല, പകരം ലാർജ് പിസ തരാമെന്നുമുള്ള കമ്പനിയുടെ നിലപാടാണ് ഇതിന് കാരണമായത്.

രോഷാകുലനായ സൊഹാദ് പിസ ഹട്ടുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് ട്വീറ്റ് ചെയ്തു. ഡീൽ മറന്നുകളയാനും ഇത് തനിക്കൊപ്പം നിന്നവരെ കൂടെ അപമാനിക്കലാണെന്നും കുറിച്ച സൊഹാദ് ഇനിയൊരിക്കലും പിസ ഹട്ടിലേക്കില്ലെന്നും കുറിച്ചു. 

തങ്ങൾ നേരത്തെ തന്നെ എക്സ്ട്രാ ലാർജ് പിസ നിർത്തിയെന്നും ലാർജ് മാത്രമേയുള്ളൂവെന്നും പിന്നീട് പിസ ഹട്ട് തങ്ങളുടെ ട്വിറ്റർ ഹാന്റിലിൽ വിശദീകരണം നടത്തി. ഇത് നേരത്തെ അറിയിക്കാത്തതിൽ ക്ഷമാപണം നടത്തിയ കമ്പനി രണ്ടാഴ്ചയിൽ കുറഞ്ഞ സമയത്തിൽ ഇത് ഡെലിവർ ചെയ്യാനാവില്ലെന്നും ഇതിൽ കുറിച്ചു.

ക്ഷമാപണവും ഡെഡ്‌ലൈനും ഒറ്റ ശ്വാസത്തിൽ നടത്തിയെന്ന് പറഞ്ഞ് സൊഹാദ് വീണ്ടുമെത്തി. ഇത് നിരാശാജനകമാണെന്നും തനിക്ക് പിസ വേണ്ടെന്നും എഴുതിയ സൊഹാദ് പിസ ഹട്ടിനെ ഗെറ്റ് ഔട്ടടിച്ചു.

പിന്നാലെ സോഷ്യൽ മീഡിയ സൊഹാദിനെ അനുകൂലിച്ച് രംഗത്തെത്തി. പിസ ഹട്ടിനെതിരെ കൂടുതൽ പേർ ബോയ്കോട് ട്വീറ്റുമായി എത്തിയതോടെ കമ്പനി മുട്ടുകുത്തി. രണ്ട് ലാർജ് പിസ സൊഹാദിന് നൽകിയാണ് പിസ ഹട്ട് ഈ പ്രശ്നത്തിൽ നിന്ന് തലയൂരിയത്.

 

Follow Us:
Download App:
  • android
  • ios