സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിലക്കയറ്റം അനുഭവിക്കുന്ന ദില്ലി നിവാസികള്‍ക്ക് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. 

ദില്ലി: ദില്ലിയില്‍ (New Delhi) പെട്രോള്‍ വില (Petrol price) ലിറ്ററിന് എട്ട് രൂപ കുറയും. ഇതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ പെട്രോള്‍ ലഭിക്കുന്ന നഗരങ്ങളിലൊന്നായി ദില്ലി മാറി. സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന വാറ്റ് (VAT) നികുതിയില്‍ വലിയ കുറവ് വരുത്തിയതോടെയാണ് ദില്ലിയിലെ പെട്രോള്‍ വില നൂറില്‍ താഴെയെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിലക്കയറ്റം അനുഭവിക്കുന്ന ദില്ലി നിവാസികള്‍ക്ക് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ (Aravind Kejriwal) വ്യക്തമാക്കി. വാറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 19.4 ശതമാനമാക്കി കുറക്കാന്‍ ദില്ലി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വിലയില്‍ ഡീസലും പെട്രോളും ലഭിക്കുന്ന നഗരമായി ദില്ലിയില്‍ മാറി. സര്‍ക്കാര്‍ തീരുമാനം വിലക്കയറ്റത്തെ തടയുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. വാറ്റ് നികുതി എട്ട് രൂപ കുറച്ചതോടെ പെട്രോള്‍ വില 103ല്‍ നിന്ന് 95ആയി കുറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും വാറ്റ് നികുതി സംസ്ഥാന സര്‍ക്കാറുകള്‍ കുറച്ചിരുന്നു. 

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും രാജ്യത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. ക്രൂഡ് ഓയില്‍ വില ഒറ്റ ദിവസം പത്ത് ഡോളറോളം ഇടിഞ്ഞിട്ടും രാജ്യത്തെ എണ്ണക്കമ്പനികള്‍ വില കുറച്ചിട്ടില്ല. വില കുറയ്ക്കാന്‍ സര്‍ക്കാരും എണ്ണക്കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. 

നേരത്തെ പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവയില്‍ പത്ത് രൂപയും കേന്ദ്രം കുറച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചയായി വിലയില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇതിനിടെ പലപ്പോഴും ഇടിവുണ്ടായി. കഴിഞ്ഞ ദിവസം കൊവിഡ് ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 82 ഡോളറില്‍ നിന്ന് 72 ഡോളറിലേക്ക് താഴ്ന്നിരുന്നു.