മുംബൈ: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപ പിഴ ചുമത്തി. പേമെന്റ് ആന്റ് സെറ്റില്‍മെന്റ് നിയമപ്രകാരം റിസര്‍വ് ബാങ്ക് അനുമതി തേടാതെ പ്രവര്‍ത്തിച്ചതിനാണ് പിഴ.

പിഎന്‍ബി ബാങ്ക് ലിമിറ്റഡ് ഭൂട്ടാന്‍ എന്ന സ്ഥാപനം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹോദര സ്ഥാപനമാണ്. ഇവരുമായി എടിഎം പങ്കാളിത്തത്തില്‍ റിസര്‍വ് ബാങ്ക് അനുമതി തേടാതെ ഉഭയകക്ഷി ബന്ധം സ്ഥാപിച്ചതാണ് കാരണം.

ഏപ്രില്‍ 2010 മുതല്‍ ഈ കമ്പനിയുമായി ഈ നിലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നു. ഇപ്പോഴാണ് റിസര്‍വ് ബാങ്ക് നടപടിയെടുത്തിരിക്കുന്നത്. ഇന്ന് ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി വില 29.50 രൂപയായാണ് ക്ലോസ് ചെയ്തത്. ഓഹരി വിലയില്‍ 1.37 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.