ഗാന്ധിനഗർ: കഴിഞ്ഞ പത്ത് വർഷത്തിനിടെ 50 ശതമാനത്തിലേറെ ഉരുളക്കിഴങ്ങ് ഉൽപ്പാദനം വർധിച്ചെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. 2008 ൽ 34.7 മില്യൺ ടണ്ണായിരുന്ന ഉൽപ്പാദനം 2018 ൽ 52.5 മില്യൺ ടണ്ണായി ഉയർന്നു. പ്രതിവർഷം മൂന്ന് ശതമാനം വർധനവ് വിളവെടുപ്പിൽ ഉണ്ടാകുന്നു എന്നാണ് കൃഷിമന്ത്രി പറഞ്ഞത്. ഈ നില 2050 വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ലോകത്ത് ഏറ്റവുമധികം ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിക്കുന്ന രാജ്യം ചൈനയും രണ്ടാമത്തേത് ഇന്ത്യയുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കൃഷി ഇടത്തിന്റെ വിസ്തൃതിയിൽ ഒമ്പത് ശതമാനം വർധനവാണ് ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. വാർഷിക വിള നഷ്ടം 16.3 ശതമാനമാണ്. എന്നാൽ കുറഞ്ഞ തോതിൽ വെള്ളം ആവശ്യമായി വരുന്ന ഉയർന്ന ഗുണമേന്മയുള്ള ഉരുളക്കിഴങ്ങിന്റെ വകഭേദങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഷിംല ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രത്തെ മന്ത്രി പ്രശംസിച്ചു. 1949 ൽ സ്ഥാപിക്കപ്പെട്ട ഈ കേന്ദ്രത്തിന്റെ പ്രവർത്തന മികവിലാണ് അന്ന് വെറും 2.2 ലക്ഷം ഹെക്ടർ പ്രദേശത്ത് മാത്രം കൃഷി ചെയ്തിരുന്ന ഉരുളക്കിഴങ്ങ് 21.8 ലക്ഷം ഹെക്ടറിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. 1949 ൽ 1.54 മില്യൺ ടണ്ണായിരുന്നു ഇന്ത്യയുടെ ഉരുളക്കിഴങ്ങ്ഉ ൽപ്പാദനം. അതാണ് ഇന്ന് 52.5 മില്യൺ ടണ്ണിലേക്ക് എത്തിയത്.